പൊന്നാനിയിൽ ആശ്വാസം; എടപ്പാൾ ആശുപത്രിയിൽ എല്ലാവരുടെ ഫലവും നെഗറ്റീവ്
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ കൊവിഡ് പരിശോധനാ ഫലമാണ് പുറത്തുവന്നത്.
മലപ്പുറം: കൊവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന മലപ്പുറത്തെ എടപ്പാള്‍ ആശുപത്രിയിലെ 163 ജീവനക്കാരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. വട്ടംകുളം പിഎച്ച്സിയിലെ 25 ജീവനക്കാരുടെ ഫലവും നേരത്തെ നെഗറ്റീവ് ആയിരുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ കൊവിഡ് പരിശോധനാ ഫലമാണ് പുറത്തുവന്നത്.
ആശുപത്രി ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ തന്നെ തുടരാൻ നിർദ്ദേശിച്ച രോഗികളുടേയും കുട്ടിരിപ്പുകാരുടേയും ആശുപത്രി ജീവനക്കാരുടേയും പരിശോധനാ ഫലമാണ് ആദ്യം വന്നത്. ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും അടക്കം 600 ഓളം പേരാണ് എടപ്പാളിലെ ആശുപത്രിയിലുള്ളത്. ഇവിടെ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരും ആശുപത്രി വിട്ട് പോകാൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് ഉത്തരവിടുകയായിരുന്നു. നവജാത ശിശുക്കളും പ്രായമായവരും ആശുപത്രിയില്‍ തന്നെ തങ്ങുന്നതിനാലാണ് പരിശോധന ഇവിടെ നിന്നും തുടങ്ങിയത്. 163 ജീവനക്കാരുടെ ഫലം നെഗറ്റീവായതോടെ സമൂഹ വ്യാപനമെന്ന ഭീഷണി പ്രദേശത്ത് കുറച്ച് അയവ് വന്നിട്ടുണ്ട്.
രണ്ട് ഡോക്ടർമാരും മൂന്ന് നഴ്സുമാരും ഉൾപ്പെടെ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എടപ്പാളിൽ ആശങ്കയേറിയത്. സമൂഹവ്യാപനമുണ്ടായോ എന്നറിയാൻ സെൻ്റിനൽസ് സർവ്വേയുടെ ഭാഗമായി ശേഖരിച്ച സാംപിളുകളിലാണ് അഞ്ച് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്.