കഴിക്കുന്നതിനിടെ കോഴിയിറച്ചിയിൽ പുഴു, അഴുകിയ ഇറച്ചി വിളമ്പിയ ഹോട്ടലിനെതിരെ നടപടി; അരലക്ഷം പിഴ അടക്കാൻ വിധി

പിഴ അടയ്ക്കുന്നതിന് പുറമെ 5,000 രൂപ പരാതിക്കാരനായ ജിഷാദിന് കോടതി ചെലവിനത്തിൽ നൽകണമെന്നും ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.

Malappuram District Consumer Disputes Redressal Commission fines Rs 50,000 against sangos restaurant kottakkal for serving rotten chicken meat

മലപ്പുറം:അഴുകിയ കോഴിയിറച്ചി വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് നൽകിയ പരാതിയിൽ കോട്ടയ്ക്കലിലെ സാൻഗോസ് റസ്റ്റോറന്റിനെതിരെയാണ് കമ്മീഷന്റെ വിധി. ഭാര്യയും അഞ്ചുവയസ്സുള്ള മകളുമൊത്താണ് പരാതിക്കാരന്‍ ഭക്ഷണം കഴിക്കാൻ ഇവിടെയെത്തിയത്. വിളമ്പിയ കോഴിയിറച്ചി മകൾക്ക് നൽകാനായി ചെറിയ കഷ്ണങ്ങളാക്കുമ്പോഴാണ് അതിനകത്ത് പുഴുവിനെ കണ്ടത്.

ഉടനെ ഹോട്ടല്‍ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും പരാതിക്കാരനോട് അപമര്യാദയായി പെരുമാറുകയാണുണ്ടായത്. തുടർന്ന് കോട്ടയ്ക്കൽ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി നൽകി. മുനിസിപ്പൽ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് സ്ഥാപനം അടച്ചുപൂട്ടുകയും ശുചീകരണ പ്രവൃത്തിക്ക് ശേഷമേ തുറക്കാവൂ എന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ശേഷം പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.

കമ്മീഷനിൽ നിന്നും നോട്ടീസ് കൈപ്പറ്റിയ റസ്റ്റോറന്റ് ഉടമ മറുപടി ബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തി. തുടർന്ന് പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ച കമ്മിഷൻ പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയാണ് റെസ്റ്റോറന്‍റ് ഉടമയ്ക്കെതിരെ പിഴ വിധിച്ചത്. അഴുകിയ ഭക്ഷണം വിതരണം ചെയ്യാനിടയായ സാഹചര്യം ഗുരുതരമാണെന്നും ഇക്കാര്യത്തിൽ ഉചിതമായ മറ്റു നടപടികൾ ആവശ്യമാണെന്നും 50,000 രൂപ പിഴയും 5,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകുന്നതിന് വിധിച്ചു കൊണ്ടുള്ള ഉത്തരവിൽ കമ്മിഷൻ പറഞ്ഞു.

ഒരു മാസത്തിനകം പിഴ അടക്കാതിരുന്നാൽ പരാതി തീയതി മുതൽ 12% പലിശയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിട്ടു.

24 മണിക്കൂറിനിടെ പൊളിഞ്ഞ് വീണത് 3 പാലങ്ങള്‍; വീണ്ടും പാലം തകർന്നു, അന്വേഷണത്തിന് ഉത്തരവിട്ട് ബിഹാര്‍ സർക്കാർ

 

Latest Videos
Follow Us:
Download App:
  • android
  • ios