ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും
സി ആർ പി സി സെക്ഷൻ 144 പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കളക്ടർ അറിയിച്ചു.
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‌ളൈറ്റ് സോണിൽ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഉത്തരവിട്ടു. പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരോധനം. സി ആർ പി സി സെക്ഷൻ 144 പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കളക്ടർ അറിയിച്ചു.
ഏതെങ്കിലും വിമാനത്തിന്റെ ലാന്റിങ്, ടേക്ക് ഓഫ്, ഫ്‌ളൈയിങ് പ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് വിമാനത്താവള പരിസരത്തും റൺവേയിലും അപകടങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നും വിമാനങ്ങളുടെ ടേക് ഓഫ്, ലാന്റിങ് എന്നിവയ്ക്ക് ഭീഷണിയാവുമെന്നും വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും കാണിച്ച് വിമാനത്താവള ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കളക്ടറുടെ നടപടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം