'കേരളം മിനി പാകിസ്ഥാൻ ആണെന്ന നിതേഷ് റാണയുടെ പ്രസ്‍താവന ശരിയല്ല'; മഹാരാഷ്ട്ര മന്ത്രിയെ തള്ളി രാജീവ് ചന്ദ്രശേഖർ
പക്ഷേ നമ്മുടെ നാട്ടിൽ ഇന്ത്യൻ ആർമി ഓഫീസറെ ആക്രമിക്കാൻ ധൈര്യം ആളുകൾക്ക് ഉണ്ടെങ്കിലും ആ കേസിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നുവരുമെന്നും രാജീവ് ചന്ദ്രശഖർ പറഞ്ഞു
ദില്ലി: കേരളം മിനി പാകിസ്ഥാൻ ആണെന്ന മാഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്‍താവന ശരിയല്ലെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. നിതേഷ് റാണയുടെ പ്രസ്താവനയെ പൂർണ്ണമായും തള്ളുകയാണെന്നും രാജീവ് ചന്ദ്ര ശേഖർ ദില്ലിയിൽ പറഞ്ഞു. വിവാദ വിഷയത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. നിതേഷ് റാണയുടെ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദമായതോടെ പരാമർശം മയപ്പെടുത്തിയും നിതേഷ് റാണ രംഗത്തെത്തിയിരുന്നു. കേരളം മിനി പാക്കിസ്ഥാൻ ആണെന്നും അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും അവിടെ ജയിച്ചത് എന്നുമായിരുന്നു റാണെയുടെ പരാമർശം.
കേരളം മിനി പാക്കിസ്ഥാനാണെന്ന പ്രസ്താവന അംഗീകരിക്കില്ല. ആര് പറഞ്ഞാലും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ കരസേന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത നടപടിയെ മുഖ്യമന്ത്രി അപലപിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വയനാട് ദുരന്തത്തിൽ സഹായിച്ചത് ആർമിയാണ്. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് പ്രസ്താവനയിറക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നും റാണെ പിന്നീട് പറഞ്ഞു. മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാരിലെ തുറമുഖ വികസന വകുപ്പ് മന്ത്രിയും, ബിജെപി നേതാവുമായ നിതേഷ് റാണെ കഴിഞ്ഞയാഴ്ച്ച പൂനെയിൽ നടന്ന ചടങ്ങിലാണ് വിവാദ പ്രസംഗം നടത്തിയത്. ഇതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്നും വിജയിച്ചതതെന്നും മന്ത്രി പറഞ്ഞു. കേരളത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള പരാമർശത്തിൽ പിന്നാലെ കടുത്ത വിമർശനം ഉയർന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസ്, എൻസിപി നേതാക്കളടക്കം മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ മലക്കം മറിച്ചിൽ.
കേരളം ഇന്ത്യയുടെ ഒരു ഭാഗം തന്നെയാണ്. ഹിന്ദുക്കൾ മതപരിവർത്തനം നടത്തി ക്രിസ്ത്യാനികൾ ആകുന്നതും മുസ്ലിങ്ങൾ ആകുന്നതും അവിടെ കൂടുതലാണ്. പാക്കിസ്ഥാനിൽ ഹിന്ദുക്കൾ നേരിടുന്ന പോലെ കേരളത്തിലും സംഭവിച്ചാൽ അതിനെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്. സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചത്- റാണ പറഞ്ഞു. നിതേഷ് റാണെയോട് പരാമർശം തിരുത്താൻ ബിജെപി നേതൃത്ത്വം ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. ഇതാദ്യമായല്ല നിതേഷ് റാണെ വർഗീയ പരാമർശം നടത്തി വെട്ടിലാകുന്നത്. നേരത്തെ വർഗീയ പരാമർശത്തിൽ മന്ത്രിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്.