മഹാരാജാസ് കോളേജ് വ്യാജരേഖ കേസ്: പ്രതി വിദ്യ യുവ എഴുത്തുകാരിൽ പ്രധാനി, സജീവ എസ്എഫ്ഐ പ്രവർത്തക

പ്രമുഖ ഇടത് സഹയാത്രികനും കാലടി സർവകലാശാലയിലെ അധ്യാപകനുമായ സുനിൽ പി ഇളയിടമാണ് വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത്

Maharajas college fake document case accused Vidya K young writer SFI activist kgn

കാസർകോട്: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ കെ വിദ്യ, യുവ എഴുത്തുകാരി എന്ന നിലയിൽ സാംസ്കാരിക രംഗത്ത് പേരെടുത്ത വ്യക്തി. യുവ കഥാകാരിയായ വിദ്യ, തന്റെ ചെറുകഥകളുടെ സമാഹാരം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെ വിദ്യയുടെ കവിതകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021 ൽ കൊവിഡ് കാലത്ത് പ്രമുഖ ഇടത് സഹയാത്രികനും കാലടി സർവകലാശാലയിലെ അധ്യാപകനുമായ സുനിൽ പി ഇളയിടമാണ് വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത്. 2021 മെയ് അഞ്ചിനായിരുന്നു വിരലിലെണ്ണാവുന്നവർ മാത്രം പങ്കെടുത്ത പുസ്തക പ്രകാശനം നടന്നത്.

കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ കെ പയ്യന്നൂർ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഇവർ മഹാരാജാസ് കോളേജിൽ എത്തിയത്. സജീവ എസ്എഫ്ഐ പ്രവർത്തകയായ വിദ്യ പയ്യന്നൂർ കോളേജിലും മഹാരാജാസ് കോളേജിലും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നു. മഹാരാജാസ് കോളേജിലെ പഠന കാലത്താണ് വിദ്യ, പിഎം ആർഷോയെ പരിചയപ്പെട്ടത്. ഇവർ അടുത്ത സുഹൃത്തുക്കളുമാണ്.

Read More: വിദ്യ മുൻപ് ജോലി നേടിയതും മഹാരാജാസ് കോളേജ് വ്യാജരേഖ ഉപയോഗിച്ച്: സ്ഥിരീകരിച്ച് കോളേജ് മേധാവി

പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിൽ നിന്നിരുന്ന വിദ്യ വ്യാജരേഖ ചമച്ച് തൊഴിൽ നേടിയ വിവരം ഞെട്ടലോടെയാണ് സുഹൃത്തുക്കളും അധ്യാപകരും അറിഞ്ഞത്. വിവരം പുറത്തുവന്ന ശേഷം വിദ്യയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, നമ്പർ താത്കാലികമായി പ്രവർത്തനരഹിതമാണെന്ന മറുപടിയാണ് എല്ലാവർക്കും കിട്ടുന്നത്. അതിനിടെ വിദ്യ മഹാരാജാസ് കോളേജിലെ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് മുൻപും ഉപയോഗിച്ചിരുന്നുവെന്നത് കേസിന്റെ ഗൗരവം വർധിപ്പിച്ചു.

കാസർകോട് ജില്ലയിലെ കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജിൽ അധ്യാപികയായിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.

Read More: ​​​​​​​മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ; പൂർവ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് പൊലീസ്

മഹാരാജാസ് കോളജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയ ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താത്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചു. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് ഇനി അട്ടപ്പാടി പൊലീസിന് കൈമാറും.

 

എഷ്യാനെറ്റ് ന്യൂസ് തത്സയം യൂട്യൂബിൽ കാണാം....

Latest Videos
Follow Us:
Download App:
  • android
  • ios