Kalady University : ബിഎ തോറ്റവർക്ക് എം എയ്ക്ക് പ്രവേശനം; കാലടി സർവകലാശാലയിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം
ചട്ടപ്രകാരം തന്നെയാണ് പ്രവേശനം നടത്തിയതെന്നും തോറ്റവരെ ഒഴിവാക്കുമെന്നും കാലടി സര്‍വകലാശാല പരീക്ഷാ കണ്‍ട്രോള്‍ വിശദീകരിച്ചു. തോറ്റവരുടെ പ്രവേശനം റദ്ദാക്കാൻ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി കാലടി സര്‍വകലാശാല വിസിക്ക് പരാതിയും നല്‍കി.
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ (Kalady Sanskrit University) ബിഎ തോറ്റവര്‍ക്ക് എംഎയ്ക്ക് പ്രവേശനം നല്‍കിയതായി പരാതി. ബിഎ തോറ്റ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മൂന്ന് മാസമായി എംഎ ക്ലാസിലിരുന്ന് പഠിക്കുകയാണെന്നാണ് ആക്ഷേപം.
കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഓഗസ്റ്റ് 6 നാണ് പിജി പ്രവേശന പരീക്ഷ നടന്നത്. ബിഎ ജയിച്ചവര്‍ക്കും അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും പരീക്ഷയെഴുതാന്‍ അവസരം നല്‍കിയിരുന്നു. അവസാന വര്‍ഷക്കാര്‍ക്ക് പരീക്ഷാ ഫലം വന്നതിന് ശേഷം മാര്‍ക് ലിസ്റ്റ് ഹാജരാക്കിയാലേ അഡ്മിഷൻ നല്‍കാവൂ എന്നാണ് വ്യവസ്ഥ. കാലടി സര്‍വകലാശാലയില്‍ അവസാന വര്‍ഷ ബിഎ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പിജി പ്രവേശനപ്പരീക്ഷയില്‍ ജയിച്ചു. പക്ഷേ ഇവരുടെ അന്തിമ ബിരുദ ഫലം വരുന്നതിന് മുൻപ് തന്നെ എംഎയ്ക്ക് അഡ്മിഷൻ തുടങ്ങി. പ്രവേശന പരീക്ഷയില്‍ ജയിച്ച അവസാന വര്‍ഷ ബിരുദക്കാര്‍ക്ക് മുൻഗണനാ അടിസ്ഥാനത്തില്‍ പിജിക്ക് പ്രവേശനം നല്‍കുകയും ചെയ്തു. ബിഎയുടെ ഫലം ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് വന്നത്. ഫലം നോക്കിയപ്പോള്‍ പിജിക്ക് പ്രവേശനം ലഭിച്ച അവസാന വര്‍ഷ ബിരുദക്കാരില്‍ ചിലർ തോറ്റു.
എന്നാല്‍, ചട്ടപ്രകാരം തന്നെയാണ് പ്രവേശനം നടത്തിയതെന്നും തോറ്റവരെ ഒഴിവാക്കുമെന്നും കാലടി സര്‍വകലാശാല പരീക്ഷാ കണ്‍ട്രോള്‍ വിശദീകരിച്ചു. തോറ്റവരുടെ പ്രവേശനം റദ്ദാക്കാൻ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി കാലടി സര്‍വകലാശാല വിസിക്ക് പരാതിയും നല്‍കി.