Lulu Mall : തലസ്ഥാനത്തിന്റെ ഹൃദയം തൊട്ട് ലുലു മാൾ; സന്ദർശിച്ചവരുടെ കണക്ക് പുറത്ത് വിട്ടു

കേരളത്തിന്‍റെ പരമ്പരാഗത രുചിക്കൂട്ടുകള്‍ക്കൊപ്പം വിവിധ രാജ്യങ്ങളുടെ കൊതിയൂറുന്നതും വൈവിധ്യം നിറഞ്ഞതുമായ വിഭവങ്ങളെ പരിചയപ്പെടാമെന്നതാണ് ഫുഡ് എക്സ്പോയുടെ മുഖ്യ ആകര്‍ഷണമെന്ന് ലുലു ​ഗ്രൂപ്പ് അറിയിച്ചു.

lulu mall tvm visitors count

തിരുവനന്തപുരം: തലസ്ഥാനത്ത് ലുലു മാൾ (Lulu Mall TVM) പ്രവർത്തനം ആരംഭിച്ച ശേഷം മാളിൽ എത്തിയ ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇതിൻ്റെ ഭാഗമായി മാളിലെ ഫുട് ഫാൾ കൗണ്ട് പരിശോധിച്ച് ഒരു കോടി തികച്ച ഉപഭോക്താവിനെ ആദരിച്ചു. തിരുവനന്തപുരം സ്വദേശി ബെന്നിയെ ആണ് ചടങ്ങിൽ ആദരിച്ചത്. അതേസമയം, ലുലു ഫുഡ് എക്സ്പോ 2022 എന്ന പേരിലുള്ള മാളിലെ ആദ്യ ഫുഡ് എക്സ്പോയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ലുലു മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റിലും ഫുഡ് കോര്‍ട്ടിലുമായാണ് ഫുഡ് എക്സ്പോ നടക്കുക. ലുലു ഫുഡ് എക്സ്പോയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 5:30ന് ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ നടൻ ജയസൂര്യ നിർവ്വഹിയ്ക്കും.

കേരളത്തിന്‍റെ പരമ്പരാഗത രുചിക്കൂട്ടുകള്‍ക്കൊപ്പം വിവിധ രാജ്യങ്ങളുടെ കൊതിയൂറുന്നതും വൈവിധ്യം നിറഞ്ഞതുമായ വിഭവങ്ങളെ പരിചയപ്പെടാമെന്നതാണ് ഫുഡ് എക്സ്പോയുടെ മുഖ്യ ആകര്‍ഷണമെന്ന് ലുലു ​ഗ്രൂപ്പ് അറിയിച്ചു. മാളിലെ വിശാലമായ ഫുഡ് കോര്‍ട്ടിലെ ഫുഡ് കൗണ്ടറുകള്‍ ലോക രുചികളെ അടുത്തറിയാന്‍ ഓരോരുത്തര്‍ക്കും അവസരമൊരുക്കും. പലതരം സാലഡുകള്‍, മോക്ടെയ്ല്‍സ്, മാക്കറോണി പാസ്ത, സാന്‍ഡ് വിച്ചുകള്‍, ബര്‍ഗറുകള്‍, റോളുകള്‍, ലെബനീസ് ഷവര്‍മ, ഓവര്‍ലോഡഡ് ഫ്രൈസ്, ഇതിനെല്ലാം പുറമെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും, തായ്ലന്‍‍ഡ്, ഇന്തോനേഷ്യ അടക്കം മുഴുവന്‍ ഏഷ്യന്‍ രാജ്യങ്ങളുടെയും വിഭവങ്ങള്‍ എക്സ്പോയില്‍ എത്തും. 

ഫുഡ് സാംപ്ളിംഗ് അവതരിപ്പിച്ച് ലുലു ഫുഡ് എക്സ്പോ 

ഭക്ഷണവിഭവങ്ങൾ രുചിയറിഞ്ഞ് വാങ്ങാന്‍ അവസരമൊരുക്കുന്നുവെന്ന വ്യത്യസ്ത ആശയവുമായാണ് ലുലു ഫുഡ് എക്സ്പോ എത്തുന്നത്. ഫുഡ് സാംപ്ളിംഗ് കേരളത്തിലെ ഭക്ഷണപ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായി മാറും. ഫുഡ് ബ്രാന്‍‍ഡുകളുടെ എല്ലാം സാംപ്ളിംഗ് ആന്‍ഡ് ടേസ്റ്റിംഗ് കൗണ്ടര്‍  എക്സ്പോയിലുണ്ടാകും. അന്താരാഷ്ട്ര എഫ്എംസിജി ബ്രാൻഡുകളുടെയടക്കം നാല്പതോളം കൗണ്ടറുകള്‍ തന്നെ ഇതിന് മാത്രം എക്സ്പോയില്‍ ഒരുക്കും.  

തനി നാടന്‍ മുതല്‍ പരമ്പരാഗതമായി  എല്ലാ പ്രായക്കാര്‍ക്കിടയിലും ഒരുപോലെ പ്രിയമേറിയതുമായ വിഭവങ്ങള്‍ വരെ എക്സ്പോയില്‍ അണിനിരക്കും. തലസ്ഥാനത്തിന്‍റെയും, മധ്യതിരുവിതാംകൂറിന്‍റെയും, മലബാറിന്‍റെയും രുചികളും സ്ട്രീറ്റ് ഫുഡ് ഡിഷുകളും എക്സ്പോയുടെ പ്രത്യേകതകളാണ്. പ്രശസ്തമായ ഹസ്രത്ഗഞ്ച് ചാട്സും, മുട്ട ഉപയോഗിച്ചുള്ള വ്യത്യസ്ത തരം കൂട്ടുകളും എല്ലാമായി സ്ട്രീറ്റ് ഫുഡ് കോര്‍ണര്‍ വൈവിധ്യം നിറഞ്ഞതാണ്. ഫുഡ് എക്സ്പോയുടെ ഭാഗമായി കേക്ക് ഐസിംഗ്, സാലഡ് മേക്കിംഗ്, ഫ്രൂട്ട് & വെജിറ്റബിൾ കാർവിംഗ്, സാൻഡ്വിച്ച് മേക്കിംഗ് അടക്കം പാചക മത്സരങ്ങളും, മാസ്റ്റര്‍ ഷെഫുമാരുടെ നേതൃത്വത്തിലുള്ള പാചക ക്ലാസുകളും, പ്രോ‍ഡക്ട് ലോഞ്ചുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ലുലു ഗ്രൂപ്പിന് കീഴിലുള്ള 235 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പിന്തുടരുന്ന സുരക്ഷ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. നൂറ് ശതമാനം വൃത്തിയോടെ, സുരക്ഷിതമായി ഭക്ഷണം പാകം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വിദഗ്ധരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്നും ലുലു ​ഗ്രൂപ്പ് വ്യക്തമാക്കി. ജൂണ്‍ 17 മുതല്‍ 26 വരെയാണ് ഫു‍ഡ് എക്സ്പോ. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയാണ് എക്സ്പോ.

Latest Videos
Follow Us:
Download App:
  • android
  • ios