കോട്ടയത്തിന് ക്രിസ്തമസ് സമ്മാനം! ലുലു മാൾ ഉദ്ഘാടനത്തിന് ഇനി 10 നാൾ; വമ്പൻ ഓഫറുകൾ, 1000 കാറുകൾക്ക് പാർക്കിംഗ് !
കോട്ടയം എ സി റോഡിന് സമീപം മണിപ്പുഴയിലാണ് പുതിയ മാള്‍ സ്ഥിതി ചെയ്യുന്നത്. പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് സമാനമായി ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയെല്ലാം കോട്ടയത്തെ മിനി മാളിലുണ്ടാകും.
കോട്ടയം: ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ പുത്തൻ ഹൈപ്പർമാർക്കറ്റ് കോട്ടയം മണിപ്പുഴയിൽ ഡിസംബർ 14ന് തുറക്കും. 15 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. കേരളത്തിൽ ലുലു ഗ്രൂപ്പിന്‍റെ അഞ്ചാമത്തെ ഷോപ്പിംഗ് മാളാണ് ഇത്. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയത്തെ ലുലുമാൾ നിർമിച്ചിരിക്കുന്നത്. മൾട്ടി-ലെവൽ പാർക്കിങ് സൗകര്യത്തിൽ ഒരേസമയം 1,000 വാഹനങ്ങൾ പാർക്ക് ചെയ്യാം. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോട്ടയം എ സി റോഡിന് സമീപം മണിപ്പുഴയിലാണ് പുതിയ മാള്‍ സ്ഥിതി ചെയ്യുന്നത്. പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് സമാനമായി ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയെല്ലാം കോട്ടയത്തെ മിനി മാളിലുണ്ടാകും. 1.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലുലു ഹൈപ്പർമാർക്കറ്റായിരിക്കും കോട്ടയം ലുലു മാളിന്റേയും ശ്രദ്ധാ കേന്ദ്രം. നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ലുലുമാളുകളിൽ ലുലു ഹൈപ്പർമാർക്കറ്റുണ്ട്. കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലും ലുലുവിന് ഹൈപ്പർമാർക്കറ്റുണ്ട്.
ലുലു ഹൈപ്പർ മാർക്കറ്റിനും ഫാഷൻ സ്റ്റോറിനും പുറമേ വമ്പൻ ബ്രാന്‍റുകളുടെ ഷോപ്പുകളും കോട്ടയത്തെ ലുലുവിലുണ്ട്. എസ്‌ഡബ്ല്യുഎ ഡയമണ്ട്‌സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമേർത്ത് എന്നിവയുൾപ്പെടെ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ബ്യൂട്ടീ എന്നീ മേഖലയിലുടനീളമുള്ള 20-ലധികം പ്രാദേശിക, ദേശീയ, അന്തർദേശീയ ബ്രാൻഡുകള്‍ സജ്ജമായിട്ടുണ്ട്. കുട്ടികളുടെ വിനോദത്തിനായി ഫൺട്യൂറയുമുണ്ടാകും. 500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്നതാണ് ഫുഡ് കോർട്ട്.
കേരളത്തിൽ ലുലു ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റുകളിലേക്ക് വിവിധ തസ്തികകളിലേക്ക് വോക്ക്-ഇൻ-ഇന്റർവ്യൂ നാളെ രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് സോളിറ്റയറിൽ നടക്കും. താൽപര്യമുള്ളവർ ബയോഡേറ്റയുമായി എത്തണം. ലുലു കേരളത്തിൽ വൈകാതെ ആരംഭിക്കുന്ന തിരൂർ, പെരിന്തൽമണ്ണ, കൊട്ടിയം, തൃശൂർ ഹൈപ്പർമാർക്കറ്റുകളിലേക്കും നിലവിലെ മാളുകളിലെ ഒഴിവുള്ള തസ്തികകളിലേക്കുമാണ് ഇന്റർവ്യൂ നടക്കുന്നത്.
Read More : ഡിസംബറില്‍ ഐപിഒ പൊടിപൊടിക്കും; 20,000 കോടി സമാഹരിക്കാൻ 10 കമ്പനികൾ