റെക്കോർഡ് വേഗത്തിൽ വിറ്റുതീരുന്നു; 7 ദിവസം കൊണ്ട് ആകെ അച്ചടിച്ച 20 ലക്ഷം ടിക്കറ്റുകളിൽ സിംഹഭാഗവും തീർന്നു
കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ റെക്കോർഡ് വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റ് തീരുന്നത്.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്തുമസ് - നവവത്സര ബമ്പർ 2024 - 25 ലോട്ടറിക്ക് (BR -101) റെക്കോഡ് വില്പന. ഈ മാസം 17 ന് വില്പന തുടങ്ങിയ ബമ്പർ ടിക്കറ്റിന്റെ സിംഹഭാഗവും ഇതിനോടകം വിറ്റു പോയതായി വിവിധ ജില്ലകളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റ് വില്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിവേഗ വില്പനയാണ് ഇപ്പോൾ നടക്കുന്നത്.
ആകെ ഇരുപത് ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിവരെ 13,48,670 ടിക്കറ്റുകളും വിറ്റു പോയി. 2,75,050 ടിക്കറ്റുകൾ ഇതിനോടകം പാലക്കാട് ജില്ലയിലാണ് വിറ്റഴിച്ചത്. 1,53,400 ടിക്കറ്റുകൾ ചെലവഴിച്ച് തലസ്ഥാന ജില്ലയായ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 1,34,370 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
ഇരുപത് കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്തുസ് - നവവത്സര ബമ്പറിന് ഏറെ ആകർഷകമായ സമ്മാനഘടനയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കു നൽകുന്നതോടൊപ്പം10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്കും മൂന്നാം സമ്മാനം നൽകും. നാലാം സമ്മാനമാകട്ടെ ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ 3 ലക്ഷം രൂപവീതം 20 പേർക്കും നൽകുന്നുണ്ട്. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതവും ലഭിയ്ക്കും. 2025 ഫെബ്രുവരി അഞ്ചാം തീയ്യതി നറുക്കെടുക്കുന്ന ക്രിസ്തുമസ് - നവവത്സര ബമ്പറിന് 400 രൂപയാണ് വില.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം