രണ്ടില കൊഴിഞ്ഞപ്പോൾ ചിരിക്കുന്നത് കോട്ടയത്തെ കോണ്‍ഗ്രസ്, മധുര പ്രതികാരം; ജോസിന് മുന്നിൽ ഇനിയെന്ത്?
മധ്യ കേരളത്തിൽ വൻ ശക്തിയായിരുന്ന കേരള കോണ്‍സിന് ഇത് കണ്ണീരിന്‍റെ കാലമാണ്. കനലൊരു തരി പോലെ ലോക്സഭയിലെ കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായിരുന്ന തോമസ് ചാഴിക്കാടന് കോട്ടയം മണ്ഡലം നിലനിര്‍ത്താൻ കഴിഞ്ഞില്ല.
ഇത് കോട്ടയമാ... പാലായും കോട്ടയവും കാഞ്ഞിരപ്പള്ളിയും അടങ്ങുന്ന കോട്ടയം... ചതുരംഗത്തിലെ മോഹൻലാൽ പറഞ്ഞ ഈ കോട്ടയത്തിന്‍റെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു കെ എം മാണി. മലയോര മേഖലയുടെയും റബര്‍ കര്‍ഷകരുടെയും പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മധ്യകേരളത്തില്‍ മാണിയുടെ കേരള കോണ്‍ഗ്രസ് വളര്‍ന്നു. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്നുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വിളനിലമാണ് കോട്ടയം ലോക്സഭ മണ്ഡലം.
മധ്യ കേരളത്തിൽ വൻ ശക്തിയായിരുന്ന കേരള കോണ്‍സിന് ഇത് കണ്ണീരിന്‍റെ കാലമാണ്. കനലൊരു തരി പോലെ ലോക്സഭയിലെ കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായിരുന്ന തോമസ് ചാഴിക്കാടന് കോട്ടയം മണ്ഡലം നിലനിര്‍ത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോമസ് ചാഴിക്കാടൻ ജയിച്ച് കയറിയത്. ഹാട്രിക്ക് വിജയം നേടിയ സുരേഷ് കുറുപ്പിനെ തോല്‍പ്പിച്ചാണ് ജോസ് കെ മാണി കോട്ടയം പണ്ട് പിടിച്ചെടുത്തത്. 2019ല്‍ ചാഴിക്കാടനിലൂടെ മണ്ഡലം നില നിര്‍ത്താനും കേരള കോണ്‍ഗ്രസ് എമ്മിന് കഴിഞ്ഞു. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ പിന്നീട് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് ചുവട് മാറി. നിയമസഭയില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിച്ചപ്പോള്‍ 12ൽ അഞ്ച് സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്.
അതില്‍ തന്നെ പാലായില്‍ ജോസ് കെ മാണിക്ക് അടിപതറിയത് പാര്‍ട്ടിക്ക് ഇന്നും ഉണങ്ങാത്ത മുറിവാണ്. ആ മുറിവിന്‍റെ മുകളിൽ മുളക് അരച്ച പോലെയായി കോട്ടയം ലോക്സഭ മണ്ഡലത്തിലെ തോല്‍വി. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ചെയ്യുന്ന പോലെ സിപിഎം എണ്ണയിട്ട യന്ത്രം പോലെ മണ്ഡലത്തില്‍ കൂടെ നിന്നിട്ടും വിജയം നേടാൻ സാധിക്കാത്തത് കേരള കോണ്‍ഗ്രസ് എമ്മിന് മുന്നില്‍ വലിയ പ്രതിസന്ധിയായി നില്‍ക്കുന്നുണ്ട്.
രാജ്യസഭയിലേക്ക് ജോസ് കെ മാണിയെ പരിഗണിക്കില്ലെന്നുള്ള വാര്‍ത്തകളും ഇതിനിടെ പുറത്ത് വന്നിരുന്നു. ഇതോടെ ജോസ് കെ മാണിക്ക് മുന്നില്‍ ഇനി എന്ത് എന്നുള്ള ചോദ്യം ഉയരുകയാണ്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന ശക്തി മധ്യ കേരളത്തില്‍ കേരള കോണ്‍ഗ്രസിന് നഷ്ടമാകുന്നുണ്ടോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. കെ എം മാണി എന്ന അതികായന്‍റെ വിടവ് നികത്താൻ ജോസ് കെ മാണിക്ക് കഴിയുന്നില്ലേ എന്ന വലിയ ചോദ്യവും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നേക്കാം.
കൈപ്പത്തി ചിഹ്നമില്ലെങ്കില്‍ പോലും ജോസ് കെ മാണിക്ക് തിരിച്ചടി കൊടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കോട്ടയം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം. അതും വിജയം കണ്ടുവെന്നാണ് ഫലം വ്യക്തമാക്കുന്നത്. കോട്ടയത്തെ കോണ്‍ഗ്രസിന് ഇതൊരു മധുര പ്രതികാരം കൂടിയാണ്. വിട്ടുവീഴ്ചകള്‍ ഒരുപാട് ചെയ്തിട്ടും കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടത് കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വലിയ അമര്‍ഷം ഉണ്ടാക്കിയിരുന്നു. ഇതിനൊപ്പം ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് ലഭിച്ച വമ്പൻ ഭൂരിപക്ഷവും കേരള കോൺഗ്രസ് എമ്മിന് യാതൊരു ഇംപാക്ടും ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നുണ്ട്.
നോട്ടയ്ക്ക് വോട്ടിടാൻ കോൺഗ്രസ് ആഹ്വാനം; പെട്ടിയിൽ വീണത് 2.18 ലക്ഷം വോട്ടുകൾ, ഒപ്പം രണ്ടാം സ്ഥാനവും
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം