ലക്ഷം തൊട്ട് യുഡിഎഫ്; 9 മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിന് മുകളിൽ ലീഡ്; മൂന്നരലക്ഷം ലീഡുമായി രാഹുൽഗാന്ധി
കണ്ണൂരിൽ കെ. സുധാകരനും കോഴിക്കോട് എംകെ രാഘവനും വടകരയിൽ ഷാഫി പറമ്പിലും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കൊല്ലത്ത് പ്രേമചന്ദ്രനും ലീഡ് ലക്ഷം കടന്നു.
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ സംസ്ഥാനത്താകെ ഉയരുന്നത് യുഡിഎഫ് തരംഗം. 17 മണ്ഡലങ്ങളിൽ കൃത്യമായി വിജയമുറപ്പിച്ചപ്പോൾ അതിൽ 9 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് ലക്ഷത്തിന് മുകളിലാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷത്തിന് അടുത്തെത്തിയപ്പോൾ എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ സമദാനിക്കും രണ്ട് ലക്ഷത്തിന് മുകളിലാണ് ലീഡ്. കണ്ണൂരിൽ കെ. സുധാകരനും കോഴിക്കോട് എംകെ രാഘവനും വടകരയിൽ ഷാഫി പറമ്പിലും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കൊല്ലത്ത് പ്രേമചന്ദ്രനും ലീഡ് ലക്ഷം കടന്നു.
ആലത്തൂരിലും ആറ്റിങ്ങലിലും മാത്രമാണ് എൽഡിഎഫ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. അവയിൽ ആറ്റിങ്ങലിൽ വി ജോയിയും അടൂർ പ്രകാശും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേരിയ വോട്ടുകൾക്കാണ് വി ജോയ് ലീഡ് ചെയ്യുന്നത്. കോഴിക്കോട് ചരിത്രഭൂരിപക്ഷം നേടിയാണ് എംകെ രാഘവന്റെ മുന്നേറ്റം.