പാലക്കാട് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് ശ്രീകണ്ഠന്‍; പ്രതീക്ഷിച്ച പോരാട്ടം നടത്താതെ വിജയരാഘവന്‍
സിപിഎമ്മിന്‍റെ മുതിർന്ന നേതാവായ വിജയരാഘവന് പ്രതീക്ഷിച്ച പോരാട്ടം മണ്ഡലത്തിൽ കാഴ്ചവയ്ക്കാത്ത കഴിഞ്ഞിട്ടില്ല.
ഇടതുകോട്ടയായ പാലക്കാട് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് യുഡിഎഫ് സ്ഥാനാർഥി വി. കെ. ശ്രീകണ്ഠൻ. സിപിഎമ്മിന്‍റെ മുതിർന്ന നേതാവായ എ. വിജയരാഘവന് പ്രതീക്ഷിച്ച പോരാട്ടം മണ്ഡലത്തിൽ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തവണ കുറച്ച് വിയര്‍ത്തിട്ടാണ് പാലക്കാട് മണ്ഡലം യുഡിഎഫ് പിടിച്ചത്. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടി തങ്ങളുടെ ശക്തനായ വിജയരാഘവനെ ഇറക്കി ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ 75283 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ശ്രീകണ്ഠന്‍ വിജയിക്കുകയായിരുന്നു.
421169 വോട്ടുകള്‍ ആണ് വി. കെ. ശ്രീകണ്ഠന് ലഭിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വിജയരാഘവന്‍ മുന്നിട്ടു നിന്നുവെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 345886 വോട്ടുകളാണ് വിജയരാഘവന് നേടാന്‍ കഴിഞ്ഞത്.
ഇടതുകോട്ടയായ പാലക്കാടിനെ ഞെട്ടിച്ചാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്‍റെ വി. കെ. ശ്രീകണ്ഠൻ മണ്ഡലം തിരിച്ചുപിടിച്ചത്. 3,99,274 വോട്ടുകള്‍ അന്ന് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചത് 3,87,637 വോട്ടുകളായിരുന്നു. 1991-ന് ശേഷം ഇടത് കോട്ടയ്ക്കുണ്ടാക്കിയ വിള്ളലായിരുന്നു അത്. എകെജിയെയും, ഇകെ നായനാരെയുമൊക്കെ ആദ്യമായി പാര്‍ലമെന്റിലെത്തിച്ച മണ്ഡലമാണിത്.
പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നുള്ളതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ 11-ലും ജയിച്ചത് ഇടതുമുന്നണിയായിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വെറും 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി.കെ.ശ്രീകണ്ഠന്‍ ജയിച്ചത്. 1989-ല്‍ പാലക്കാട് നിന്നും വിജയരാഘവന്‍ പാര്‍ലമെന്റിലെത്തിയിട്ടുണ്ട്.