കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ലോക്‌സഭയിലെത്തിയത് ആരൊക്കെ? അവര്‍ അഞ്ച് പേര്‍

കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ലോക്‌സഭ എംപിയായതിന്‍റെ റെക്കോര്‍ഡ് അഞ്ച് നേതാക്കളുടെ പേരിനൊപ്പമാണുള്ളത്

Lok Sabha Election 2024 who won as Lok Sabha MP from Kerala most times

തിരുവനന്തപുരം: കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ അംഗമായത് ആരാണ് എന്ന് മിക്ക മലയാളികള്‍ക്കും മനപ്പാഠമായിരിക്കും. എന്നാല്‍ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ തവണ കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ആരൊക്കെയാണ്. ആ റെക്കോര്‍ഡ് കൈവശം വച്ചിരിക്കുന്ന നേതാക്കളെ പരിചയപ്പെടാം. 

കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ലോക്‌സഭ എംപിയായതിന്‍റെ റെക്കോര്‍ഡ് അഞ്ച് നേതാക്കളുടെ പേരിനൊപ്പമാണുള്ളത്. ഏഴ് തവണ വീതമാണ് കേരളത്തില്‍ നിന്ന് ഇവരെല്ലാം ലോക്‌സഭയിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലീം ലീഗ് നേതാക്കളായ ഇ അഹമ്മദ്, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി എം ബാനാത്ത്‌വാല എന്നിവരാണ് ഏഴ് തവണ വിജയിച്ച് ലോക്‌സഭയിലെത്തിയത്. മുന്‍ കേന്ദ്ര മന്ത്രിയായ കൊടിക്കുന്നില്‍ 1989, 1991,1996, 1999 വര്‍ഷങ്ങളില്‍ അടൂരില്‍ നിന്നും 2009, 2014, 2019 വര്‍ഷങ്ങളില്‍ മാവേലിക്കരയില്‍ നിന്നും ലോക്‌സഭയിലെത്തി. കേന്ദ്രമന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ 1984, 1989, 1991, 1996, 1998 എന്നീ തെരഞ്ഞെടുപ്പുകളില്‍ കണ്ണൂരില്‍ നിന്നും 2009, 2014 വര്‍ഷങ്ങളില്‍ വടകരയില്‍ നിന്നും വിജയിച്ചു. 

Read more: ഇവിടുത്തെ കാറ്റാണ് കാറ്റ്; ഡീന്‍ കുര്യാക്കോസ്- ജോയ്‌സ് ജോര്‍ജ് ഹാട്രിക് പോരാട്ടം! ഇടുക്കി ചരിത്രവും ചിത്രവും

മുസ്ലീം ലീഗിന്‍റെ കരുത്തനായ നേതാവായിരുന്ന ഇ അഹമ്മദ് 1991, 1996, 1998, 1999 വര്‍ഷങ്ങളില്‍ പഴയ മഞ്ചേരി മണ്ഡ‍ലത്തില്‍ നിന്നും 2004ല്‍ പൊന്നാനിയില്‍ നിന്നും 2009, 2014 വര്‍ഷങ്ങളില്‍ മലപ്പുറത്ത് നിന്നും വിജയിച്ച് ലോക്‌സഭയിലെത്തി. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രി പദത്തിലിരുന്നത് ഇ അഹമ്മദാണ്. കേരളത്തില്‍ നിന്ന് പല തവണ മത്സരിച്ച ലീഗിന്‍റെ ദേശീയ മുഖങ്ങളിലൊന്നായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് 1967ലും 1971ലും കോഴിക്കോട് നിന്നും 1977, 1980, 1984, 1989 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍ നിന്നും 1991ല്‍ പൊന്നാനിയില്‍ നിന്നും ലോക്‌സഭയിലെത്തി. 

ലീഗിന്‍റെ ദേശീയ മുഖമായിരുന്ന മറ്റൊരു നേതാവ് ജി എം ബാനാത്ത്‌വാലയാവട്ടെ ഏഴ് വട്ടവും (1977 , 1980, 1984, 1989, 1996, 1998, 1999 പൊന്നാനിയില്‍ നിന്നാണ് വിജയിച്ചത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios