ലീഗിന്‍റെ പൊന്നാപുരം കോട്ടയായ പൊന്നാനി, ഇ ടി മാറി സമദാനി എത്തുമ്പോള്‍; സിപിഎമ്മിന്‍റെ സര്‍പ്രൈസ് കാര്‍ഡും
2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഫലം വരും മുമ്പേ മുസ്ലീം ലീഗ് വിജയമുറപ്പിച്ച മണ്ഡലമായിരുന്നു പൊന്നാനി
പൊന്നാനി: മുസ്ലീം ലീഗിന്‍റെ പൊന്നാപുരം കോട്ടയാണ് പൊന്നാനി ലോക്‌സഭ മണ്ഡലം. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1962ല്‍ ഇ കെ ഇമ്പിച്ചി ബാവയിലൂടെ സിപിഐ പിടിച്ച മണ്ഡലമായിരുന്നെങ്കിലും 1977ന് ശേഷം ഇവിടെ ലീഗ് അല്ലാതെ മറ്റൊരു പാര്‍ട്ടിയും വിജയിച്ചിട്ടില്ല. ലീഗിന്‍റെ ദേശീയ മുഖങ്ങളായ ജി എം ബനാത്ത്‌വാലയും ഇബ്രാഹിം സുലൈമാൻ സേട്ടും പലകുറി മത്സരിച്ച് വിജയിച്ച പൊന്നാനി മണ്ഡലം പിന്നീട് ഇ അഹമ്മദിലൂടെയും ഇ ടി മുഹമ്മദ് ബഷീറിലൂടെയും മുസ്ലീം ലീഗിനൊപ്പം തുടര്‍ന്നതാണ് ചരിത്രം. ഇത്തവണ ഇ ടിക്ക് പകരം എം പി അബ്‌ദുസമദ് സമദാനിയാണ് പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ഥി.
2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഫലം വരും മുമ്പേ മുസ്ലീം ലീഗ് വിജയമുറപ്പിച്ച മണ്ഡലമായിരുന്നു പൊന്നാനി. ഇവിടെ 1,93,273 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞവട്ടം വന്‍ വിജയം നേടിയത് മണ്ഡലത്തിലെ യുഡിഎഫിന്‍റെയും പ്രത്യേകിച്ച് മുസ്ലീം ലീഗിന്‍റേയും കരുത്ത് കാട്ടുന്നു. 10,17,366 പേര്‍ വോട്ട് ചെയ്‌ത 2019 തെരഞ്ഞെടുപ്പില്‍ 521,824 വോട്ടുകള്‍ കരസ്ഥമാക്കിയാണ് ഇ ടി തലപ്പത്തെത്തിയത്. ഇടിക്ക് 51.30% ശതമാനം വോട്ടുകള്‍ ലഭിച്ചു. മണ്ഡലത്തിലെ മുഖ്യ എതിരാളായായിരുന്ന എല്‍ഡിഎഫിന്‍റെ പി വി അന്‍വര്‍ 3,28,551 വോട്ടുകള്‍ പിടിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി വി ടി രമയ്‌ക്ക് ലഭിച്ചത് 1,10,603 വോട്ടാണ്. എസ്‌ഡിപിഐക്കായി മത്സരിച്ച അഡ്വ. കെ സി നസീര്‍ 18,124 ഉം, സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി എ സമീറ 16,288 ഉം വോട്ടുകള്‍ നേടി. വിജയത്തോടെ പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ ഹാട്രിക് (2009, 2014, 2019) സ്വന്തമാക്കി.
Read more: എം ബി രാജേഷിനെ വീഴ്ത്തിയ വി കെ ശ്രീകണ്ഠന്‍; 2019ല്‍ മാറി വീശിയ പാലക്കാടന്‍ കാറ്റ് ഇത്തവണ എങ്ങോട്ട്?
2024ല്‍ പക്ഷേ തുടര്‍ച്ചയായ നാലാം ജയം തേടി ഇ ടി മുഹമ്മദ് ബഷീര്‍ പൊന്നാനി മണ്ഡലത്തില്‍ മത്സരിക്കുന്നില്ല. മലപ്പുറവുമായി മണ്ഡലം വച്ചുമാറിയതോടെ ഇ ടിക്ക് പകരം എം പി അബ്‌ദുസമ്മദ് സമദാനിയാണ് പൊന്നാനിയില്‍ ഇക്കുറി മുസ്ലീം ലീഗ് സ്ഥാനാര്‍ഥി. 1994 മുതൽ 2006 വരെ രാജ്യസഭാംഗമായിരുന്ന സമദാനി 2021ല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ 1,14,692 വോട്ടുകളുടെ ഭൂരിപക്ഷവുമായി ലോക്‌സഭയിലെത്തിയിരുന്നു. സ്വന്തം നാട്ടിലാണ് സമദാനി ഇത്തവണ മത്സരിക്കുന്നത് എന്ന സവിശേഷതയുണ്ട്. അതേസമയം ലീഗിന്‍റെ മുന്‍ സംസ്ഥാന നേതാവ് കൂടിയായ കെ എസ് ഹംസയെയാണ് പൊന്നാനിയില്‍ സിപിഎം പൊതുസ്വതന്ത്രനായി കളത്തിലിറക്കിയിരിക്കുന്നത്. ലീഗിലെ മുന്‍ സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള പോരാട്ടം അതുകൊണ്ടുതന്നെ ആരവമാകും. നിവേദിത സുബ്രമണ്യനാണ് വരും തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞവട്ടം വി ടി രമ നേടിയ വോട്ടുകള്‍ കൂട്ടുകയാണ് ബിജെപിക്ക് മുന്നിലുള്ള ലക്ഷ്യം.
Read more: 'ഇപിയുടെ പരാമർശം തെറ്റ്, ഇത്തരം പരാമർശങ്ങൾ ബിജെപിയെ സഹായിക്കും': ജയരാജന് മറുപടിയുമായി സമദാനി
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയും താനൂരും തിരൂരും കോട്ടക്കലും തവനൂരും പൊന്നാനിയും പാലക്കാട്ടേ തൃത്താല നിയമസഭ മണ്ഡലവുമാണ് പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം