എം ബി രാജേഷിനെ വീഴ്ത്തിയ വി കെ ശ്രീകണ്ഠന്‍; 2019ല്‍ മാറി വീശിയ പാലക്കാടന്‍ കാറ്റ് ഇത്തവണ എങ്ങോട്ട്?
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അപ്രതീക്ഷിത തിരിച്ചടി നേരിട്ട മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്
പാലക്കാട്: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാലക്കാടന്‍ കാറ്റ് എങ്ങോട്ടാകും. മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടുതവണ എംപിയായ സിപിഎമ്മിലെ എം ബി രാജേഷിനെ വീഴ്ത്തി കോണ്‍ഗ്രസിന്‍റെ വി കെ ശ്രീകണ്ഠന്‍ 2019ല്‍ വിജയിച്ച പാലക്കാട് ഇത്തവണയും ആവേശം കുറവില്ല.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അപ്രതീക്ഷിത തിരിച്ചടി നേരിട്ട മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഹാട്രിക് ജയം തേടിയിറങ്ങിയ എം ബി രാജേഷായിരുന്നു സിപിഎം സ്ഥാനാര്‍ഥി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായി വി കെ ശ്രീകണ്ഠനും ബിജെപിക്കായി സി കൃഷ്‌ണകുമാറും രംഗത്തിറങ്ങി. 13,23,010 വോട്ടര്‍മാരുണ്ടായിരുന്ന പാലക്കാട് മണ്ഡലത്തില്‍ 10,19,337 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചപ്പോള്‍ 77.77% ആയിരുന്നു പോളിംഗ് ശരാശരി. 399,274 വോട്ടുകളുമായി വി കെ ശ്രീകണ്ഠന്‍ ഒന്നാമതെത്തിയപ്പോള്‍ 2019ല്‍ കേരളത്തിലെ രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷമാണ് പാലക്കാട് തെളിഞ്ഞത്. 11,637 വോട്ടുകള്‍ക്കായിരുന്നു ശ്രീകണ്ഠന്‍റെ ജയം.
Read more: എടുത്താല്‍ പൊന്താത്ത തൃശൂര്‍! പ്രതാപന് പകരം കെ മുരളീധരന്‍ വന്ന അവസാന നിമിഷ ട്വിസ്റ്റും പ്രതീക്ഷകളും
തൊട്ടുമുമ്പത്തെ 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 45.36% വോട്ടുകള്‍ നേടിയിരുന്ന എം ബി രാജേഷിന് 2019ല്‍ ശതമാനം 39.17 ആയി കുറഞ്ഞു. ആകെ 9,10,322 പേര്‍ പോള്‍ ചെയ്‌തിരുന്ന 2014ല്‍ രാജേഷിന് 412,897 വോട്ടുകള്‍ ലഭിച്ച സ്ഥാനത്ത് 2019ല്‍ 13,23,010 വോട്ടര്‍മാരുണ്ടായിട്ടും 3,87,637 വോട്ടുകളെ നേടാനായുള്ളൂ. 2014ല്‍ എം ബി രാജേഷ് 1,05,300 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലം അങ്ങനെ വി കെ ശ്രീകണ്ഠനിലൂടെ യുഡിഎഫ് പാളയത്തിലെത്തി.
കേരളത്തില്‍ സിറ്റിംഗ് എംപിമാരെ നിലനിര്‍ത്തി ജനവിധി തേടുന്ന കോണ്‍ഗ്രസിന്‍റെ തന്ത്രം തന്നെയാണ് ഇത്തവണ പാലക്കാട് ലോക്‌സഭ മണ്ഡലത്തിലും. 2019ല്‍ എം ബി രാജേഷിനെ വീഴ്ത്തി വിസ്‌മയമായ കോണ്‍ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്‍ ഇക്കുറിയും യുഡിഎഫിനായി പോരാട്ടത്തിനിറങ്ങുന്നു. കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനെയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് സിപിഎം ഇറക്കിയിരിക്കുന്നത്. 1989ല്‍ പാലക്കാട് എ വിജയരാഘവന്‍ വിജയിച്ചിരുന്നു. സി കൃഷ്‌ണ കുമാറാണ് ഒരിക്കല്‍ക്കൂടി ബിജെപി സ്ഥാനാര്‍ഥി. പാലക്കാട് വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിനാണ് കൃഷ്‌ണകുമാര്‍ ഇറങ്ങുന്നത്. 2019ല്‍ കൃഷ്‌ണകുമാറിലൂടെ ബിജെപിക്ക് പാലക്കാട് 2,18,556 വോട്ടുകളാണ് ലഭിച്ചത്.
പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് എന്നീ നിയമസഭ മണ്ഡലങ്ങളാണ് പാലക്കാട് ലോക്‌സഭ മണ്ഡലത്തിലുള്ളത്. ഇവയില്‍ അഞ്ചിടം ഇടതുപക്ഷത്തിന്‍റെ കൈയിലാണ്. ഓരോ നിയമസഭ മണ്ഡലങ്ങള്‍ വീതംം മുസ്ലീം ലീഗിന്‍റെയും കോണ്‍ഗ്രസിന്‍റേയും കീഴിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം