ആവേശക്കരയായി മാവേലിക്കര; നാലാം ഊഴത്തിന് കൊടിക്കുന്നില്‍, അരുണ്‍കുമാര്‍ ശക്തം, 2019ലെ കണക്കുകള്‍
കോണ്‍ഗ്രസിന്‍റെ കൊടിക്കുന്നില്‍ സുരേഷിനെ ഹാട്രിക് നല്‍കി 2019ല്‍ ലോക്‌സഭയിലേക്ക് അയച്ച മണ്ഡലമാണ് മാവേലിക്കര
മാവേലിക്കര: ഈയടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പ് ആവേശം പ്രകടമായ ലോക്‌സഭ മണ്ഡലമാണ് മാവേലിക്കര. ചങ്ങനാശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നിവയാണ് മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങള്‍. ഇതില്‍ ചങ്ങനാശേരി കോട്ടയം ജില്ലയിലും കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവ ആലപ്പുഴയിലും ബാക്കിയുള്ളവ കൊല്ലം ജില്ലയിലുമാണ്.
കോണ്‍ഗ്രസിന്‍റെ കൊടിക്കുന്നില്‍ സുരേഷിനെ ഹാട്രിക് നല്‍കി 2019ല്‍ ലോക്‌സഭയിലേക്ക് അയച്ച മണ്ഡലമാണ് മാവേലിക്കര. കൊടുക്കുന്നില്‍ സുരേഷും സിപിഐയുടെ കരുത്തനായ സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറുമായിരുന്നു 2019ല്‍ ഇവിടെ നേര്‍ക്കുനേര്‍ വന്നത്. എന്‍ഡിഎ പാളയത്തില്‍ ബിഡിജെഎസിനായി തഴവ സഹദേവനും മത്സരിച്ചു. 74.33 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മാവേലിക്കരയില്‍ 2019 തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ 61,138 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ആകെ 9,72,360 പേര്‍ വോട്ട് ചെയ്‌തപ്പോള്‍ കൊടിക്കുന്നിലിന് 440,415 ഉം, ചിറ്റയത്തിന് 3,79,277 ഉം, സഹദേവന് 1,33,546 ഉം വോട്ടുകളാണ് പെട്ടിയില്‍ വീണത്. 2014ല്‍ 32,737 വോട്ടുകളുടെ ലീഡ് നേടിയ സ്ഥാനത്താണ് 2019ല്‍ കൊടിക്കുന്നില്‍ സുരേഷിന്‍റെ ഭൂരിപക്ഷം അറുപതിനായിരം കടന്നത്.
പാര്‍ലമെന്‍റിലേക്ക് നാലാംവട്ടവും പറക്കാന്‍ ലക്ഷ്യമിട്ട് കൊടിക്കുന്നില്‍ സുരേഷ് ഇറങ്ങുമ്പോള്‍ ഇത്തവണ കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. സിപിഐക്കായി കളത്തിലിറങ്ങിയിരിക്കുന്ന സി എ അരുണ്‍ കുമാര്‍ ശക്തമായ പ്രചാരണവുമായി മണ്ഡലത്തില്‍ സജീവമാണ്. ബൈജു കലാശാലയാണ് ബിഡിജെഎസിന്‍റെ സ്ഥാനാര്‍ഥി. 2009 മുതല്‍ മാവേലിക്കരയിലുള്ള കൊടിക്കുന്നില്‍ പ്രഭാവം സി എ അരുണ്‍ കുമാര്‍ കവരുമോ എന്നതാണ് തെരഞ്ഞെടുപ്പിലെ ആകാംക്ഷ. സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി മാവേലിക്കര മാറുമെന്ന് പ്രതീക്ഷിക്കാം.