കോഴിക്കോടിന്‍റെ സുല്‍ത്താന്‍ ആരാകും; 2019 തെരഞ്ഞെടുപ്പ് ഫലം സൂചനയോ? നിര്‍ണായക ഘടകങ്ങള്‍ ഇവ
തുടര്‍ച്ചയായ നാലാം ഊഴം തേടി എം കെ രാഘവന്‍ കോഴിക്കോട് ഇറങ്ങുമ്പോള്‍ സിപിഎം രാജ്യസഭ എംപി കൂടിയായ എളമരം കരീമിനെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്
കോഴിക്കോട്: തുടര്‍ച്ചയായ നാലാംവട്ടവും എം കെ രാഘവനെ ലോക്‌സഭയിലേക്ക് അയക്കുമോ കോഴിക്കോട്ടെ വോട്ടര്‍മാര്‍, അതോ എളമരം കരീം മണ്ഡലം പിടിച്ചെടുക്കുമോ? 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോഴിക്കോട് മണ്ഡലത്തില്‍ സജീവമായ ചോദ്യം ഇതാണ്. സംസ്ഥാന തലത്തില്‍ ശ്രദ്ധേയനായ എം ടി രമേശാണ് ബിജെപി സ്ഥാനാര്‍ഥി.
ബാലുശേരി (സിപിഎം), ഏലത്തൂര്‍ (എന്‍സിപി), കോഴിക്കോട് നോര്‍ത്ത് (സിപിഎം), കോഴിക്കോട് സൗത്ത് (ഐഎന്‍എല്‍), ബേപ്പൂര്‍ (സിപിഎം), കുന്നമംഗലം (സിപിഎം സ്വതന്ത്രന്‍), കൊടുവള്ളി (മുസ്ലീം ലീഗ്) എന്നിവയാണ് കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭ മണ്ഡലങ്ങള്‍. 2009 മുതല്‍ തുടര്‍ച്ചയായി മൂന്നുവട്ടം കോണ്‍ഗ്രസിന്‍റെ എം കെ രാഘവനായിരുന്നു കോഴിക്കോടിന്‍റെ എംപി. 2014ല്‍ 16,883 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രം വിജയിച്ച എം കെ രാഘവന്‍ 2019ല്‍ ഭൂരിപക്ഷം 85,225 ആയി ഉയര്‍ത്തിയിരുന്നു. സിപിഎമ്മിലെ എ പ്രദീപ്‌കുമാറായിരുന്നു കഴിഞ്ഞ തവണ രാഘവന്‍റെ പ്രധാന എതിരാളി. 2019ല്‍ 10,76,882 പേര്‍ വോട്ട് ചെയ്‌ത കോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവന്‍ 493,444 ഉം, എ പ്രദീപ്‌കുമാര്‍ 4,08,219 ഉം, വോട്ടുകള്‍ പിടിച്ചു. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. പ്രകാശ് ബാബുവിന് 1,61,216 വോട്ടുകള്‍ കിട്ടി. 2014ല്‍ ബിജെപി സ്ഥാനാര്‍ഥി സി കെ പദ്‌മനാഭന്‍ 1,15,760 വോട്ടുകളേ നേടിയിരുന്നുള്ളൂ.
തുടര്‍ച്ചയായ നാലാം ഊഴം തേടി എം കെ രാഘവന്‍ കോഴിക്കോട് ഇത്തവണ ഇറങ്ങുമ്പോള്‍ സിപിഎം രാജ്യസഭ എംപി കൂടിയായ എളമരം കരീമിനെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ശക്തമായ പ്രചാരണം ഇരു സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ തുടരുന്നു. പരമ്പരാഗത കോണ്‍ഗ്രസ്, ലീഗ് വോട്ടുകള്‍ രാഘവന്‍ ലക്ഷ്യമിടുമ്പോള്‍ തൊഴിലാളി വോട്ടുകള്‍ കൂടുതലായി കരീം പ്രതീക്ഷിക്കുന്നുണ്ട്. എം ടി രമേശാണ് ബിജെപി സ്ഥാനാര്‍ഥി. 2021ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച എം ടി രമേശ് 30,952 വോട്ടുകള്‍ പിടിച്ചിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ക്ക് ഏറെ പ്രാധാന്യം കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം