കേരളത്തിലെ ബിജെപിയുടെ മുന്നേറ്റം; എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും
കേരളത്തില്‍ താമര വിരിയുമെന്ന് പറയുന്നതിനൊപ്പം ബിജെപിയുടെ വോട്ടു വിഹിതം 27ശതമാനമായി ഉയരുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും. എന്നാൽ എക്സിറ്റ് പോൾ സർവേകളിൽ പറയുന്ന പോലെ മോദി അനുകൂല തരംഗം കേരളത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ബിജെപിയുടെ അത്ഭുത മുന്നേറ്റം ആണ് കേരള എക്സിറ് പോളിന്‍റെ ഹൈ ലൈറ്റ്. കേരളത്തില്‍ താമര വിരിയുമെന്ന പ്രവചനമത്തിനൊപ്പം ബിജെപിയുടെ വോട്ടു വിഹിതം 27ശതമാനമായി ഉയരുമെന്നും പ്രവചനമുണ്ട്.
ബിജെപിക്ക് മൂന്ന് വരെ സീറ്റ് നേടാനാകുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എല്‍ഡിഎഫിനോടുള്ള വോട്ട് ശതമാനത്തില്‍ രണ്ടു ശതമാനം മാത്രമാണ് ബിജെപിക്ക് കുറവെന്നാണ് പ്രവചനം. 15ശതമാനത്തില്‍ നിന്ന് 27ശതമാനത്തിലേക്കുള്ള ബിജെപിയുടെ കുതിച്ചു ചാട്ടം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നതാണ്. മൊത്തം നമ്പറിൽ നേട്ടം പറയുന്നു എങ്കിലും ബിജെപി മുന്നേറ്റം പാടെ തള്ളുകയാണ് യുഡിഎഫ്. ബിജെപിക്ക് സാധ്യത പറഞ്ഞ സീറ്റിൽ എല്ലാം ജയിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.
എല്‍ഡിഎഫിന് കേരളത്തില്‍ വൻ തകർച്ചയുണ്ടാകുമെന്ന പ്രവചനത്തിനിടെ ബിജെപി നേട്ടമുണ്ടാക്കുമെന്നുള്ള പ്രവചനങ്ങളും ഇടതുപക്ഷത്തിന് ഇരട്ടി പ്രഹരം ആയി . അത് കൊണ്ട് തന്നെ എല്‍ഡിഎഫും പ്രവചനം പാടെ തള്ളുകയാണ്. ഒരു സീറ്റും ബിജെപിക്ക് കിട്ടില്ലെന്നും യഥാര്‍ത്ഥ ഫലം വരുമ്പോള്‍ എല്ലാം വ്യക്തമാകുമെന്നുമാണ് എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണം. എന്നാൽ മോദി തരംഗം കേരളത്തിലും വീശി എന്ന് വിശ്വസിക്കുകയാണ് ബിജെപി നേതാക്കള്‍. രണ്ടക്ക സീറ്റ് എന്നൊക്കെ പറഞ്ഞെങ്കിലും മൂന്നു ആയിരുന്നു പോളിംഗിന് ശേഷം ഉള്ള പാർട്ടി കണക്ക്. അത് ശരി വെച്ചാണ് ഫലങ്ങളെന്നും കേരളത്തിലെ ബിജെപി നേതൃത്വം വ്യക്തമാക്കുന്നു.'