ഒന്നേകാല്‍ലക്ഷം കടന്ന ബെന്നി ബെഹന്നാന്‍ കുതിപ്പ്, തടയിടാന്‍ സി രവീന്ദ്രനാഥ്; ചാലക്കുടി ചിത്രം എന്താകും?
2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 1,32,274 എന്ന മാന്ത്രിക ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബെന്നി ബെഹന്നാന്‍ ചാലക്കുടിയില്‍ വിജയിച്ചത്
ചാലക്കുടി: 2009ല്‍ കോണ്‍ഗ്രസിന്‍റെ കെ പി ധനപാലന്‍, 2014ല്‍ എല്‍ഡിഎഫ് പിന്തുണയില്‍ ഇന്നസെന്‍റ്, 2019ല്‍ കോണ്‍ഗ്രസിന്‍റെ ബെന്നി ബെഹന്നാനിലൂടെ വീണ്ടും കോണ്‍ഗ്രസ്. ആദ്യം മുകുന്ദപുരമായിരുന്നപ്പോഴും പിന്നീട് ചാലക്കുടിയായപ്പോഴും ഇടതുവലത് മാറി വിധിയെഴുതിയിട്ടുള്ള മണ്ഡലമാണ് ചാലക്കുടി. സാക്ഷാല്‍ കെ കരുണാകരനും ഇ ബാലാനന്ദനും പി സി ചാക്കോയും ലോനപ്പന്‍ നമ്പാടനുമെല്ലാം പരീക്ഷിച്ച് വിജയിച്ച കളരിയാണ് പഴയ മുകുന്ദപുരം. മണ്ഡലം പുനക്രമീകരിച്ച് ചാലക്കുടിയായപ്പോഴാണ് കെ പി ധനപാലനും ഇന്നസെന്‍റും ബെന്നി ബെഹന്നാനും വെന്നിക്കൊടി പാറിച്ചത്.
Read more: ആവേശക്കരയായി മാവേലിക്കര; നാലാം ഊഴത്തിന് കൊടിക്കുന്നില്‍, അരുണ്‍കുമാര്‍ ശക്തം, 2019ലെ കണക്കുകള്‍
2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 1,32,274 എന്ന മാന്ത്രിക ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബെന്നി ബെഹന്നാന്‍ ചാലക്കുടിയില്‍ വിജയിച്ചത്. സിപിഎം സിറ്റിംഗ് എംപി ഇന്നസെന്‍റിനെയും ബിജെപി എ എന്‍ രാധാകൃഷ്‌ണനെയും സ്ഥാനാര്‍ഥിയാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 9,90,433 പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തിയ മണ്ഡലത്തില്‍ ബെന്നി ബെഹന്നാന്‍ 473,444 വോട്ടുകള്‍ നേടി. ഇന്നസെന്‍റിന് 3,41,170 ഉം, എ എന്‍ രാധാകൃഷ്‌ണന് 1,28,996 ഉം വോട്ടുകളാണ് ലഭിച്ചത്. 2014നെ അപേക്ഷിച്ച് 2019ല്‍ ഇന്നസെന്‍റിന് കിട്ടിയ വോട്ടുകളില്‍ 17270ത്തിന്‍റെ കുറവേ ഉണ്ടായുള്ളൂവെങ്കിലും പോളിംഗ് ശതമാനം 76.94ല്‍ നിന്ന് 80.51ലേക്ക് ഉയര്‍ന്നത് ബെന്നി ബെഹന്നാന്‍റെ കുതിപ്പ് കൂട്ടിയ ഒരു ഘടകമായി. 2014ല്‍ എഎപി സ്ഥാനാര്‍ഥി പിടിച്ച 35,189 വോട്ടുകള്‍ 2019ല്‍ ആംആദ്‌മിക്ക് സ്ഥാനാര്‍ഥി ഇല്ലാതിരുന്നതോടെ വീതിക്കപ്പെട്ടതും എസ്‌ഡിപിഐ സ്ഥാനാര്‍ഥിയുടെ വോട്ടില്‍ ഗണ്യമായ കുറവുണ്ടായതും സ്വാധീനമായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Read more: ആരിഫ് എന്ന കനല്‍ ഒരു തരി, കെ സി എന്ന മുന്‍ നായകന്‍, ശോഭ കൂട്ടാന്‍ ശോഭ സുരേന്ദ്രനും; ആലപ്പുഴ അലതല്ലും
വീണ്ടുമൊരിക്കല്‍ക്കൂടി ബെന്നി ബെഹന്നാന്‍ ചാലക്കുടിയില്‍ കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുകയാണ്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെയും ബിജെപി കെ എം ഉണ്ണികൃഷ്‌ണയും അണിനിരത്തുന്നു. ഇത്തവണ ട്വന്‍റി 20 കിഴക്കമ്പലത്തിനും ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയുണ്ട് എന്നതാണ് കൗതുകരം. അഡ്വ. ചാര്‍ലി പോളാണ് ട്വന്‍റി 20യുടെ സ്ഥാനാര്‍ഥി. എങ്കിലും ബെന്നി ബഹന്നാനും സി രവീന്ദ്രനാഥും തമ്മിലായിരിക്കും പ്രധാന മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം