ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ സിബിഐ ഇടപെടൽ, ജസ്നയുടെ കുടുംബത്തെ ബന്ധപ്പെട്ടു, അച്ഛനിൽ നിന്നും വിവരം തേടി
സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. മകളെ ഒരു സംഘം അപായപ്പെടുത്തിയെന്ന നിഗമനത്തിലാണ് തന്റെ അന്വേഷണം ഒടുവിലെത്തിയത്
പത്തനംതിട്ട : മകൾ ജസ്നയുടെ തിരോധാന കേസ് സിബിഐ കൃത്യമായി അന്വേഷിക്കുന്നുവെന്ന് ജസ്നയുടെ അച്ഛൻ ജെയിംസ്. സിബിഐയുടെ പുനർഅന്വേഷണത്തിൽ വിശ്വാസമുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലൂടെ മുൻ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തൽ അടക്കം സിബിഐ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാർത്ത പുറത്ത് വന്നതിന് പിന്നാലെ സിബിഐ സംഘം വിളിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഈ ലോഡ്ജ് ജീവനക്കാരി തന്നെയും ബന്ധപ്പെട്ടിരുന്നു. മകളുടെ തിരോധാനത്തിൽ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. മകളെ ഒരു സംഘം അപായപ്പെടുത്തിയെന്ന നിഗമനത്തിലാണ് തന്റെ അന്വേഷണം ഒടുവിലെത്തിയത്. അത് മുദ്രവച്ച കവറിൽ സിബിഐയ്ക്ക് നൽകിയിരുന്നു. അതുൾപ്പെടെ എല്ലാം സമഗ്രമായി സിബിഐ ഇപ്പോൾ പരിശോധിക്കുന്നുണ്ടെന്നും ജസ്നയുടെ പിതാവ് ജെയിംസ് വ്യക്തമാക്കി.
മുണ്ടക്കയം സ്വദേശിനിയായ ലോഡ്ജ് ജീവനക്കാരി ജസ്നയോട് സാദൃശ്യമുള്ള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ വന്നത് കണ്ടിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയ്ക്ക് പിന്നാലെ സിബിഐ ഉദ്യോഗസ്ഥർ തന്നെ വിളിച്ചതായി ജസ്നയുടെ പിതാവ് ജെയിംസ് വ്യക്തമാക്കി. നേരത്തെ തന്നെ ബന്ധപ്പെട്ടിരുന്നു. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ജസ്നയുടെ അച്ഛൻ പ്രതികരിച്ചു.
ക്രൈംബ്രാഞ്ചിന് തിരിച്ചടി, ഗംഗേശാനന്ദക്കെതിരായ കുറ്റപത്രം കോടതി മടക്കി
ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നതായാണ് ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്.
''പത്രത്തിൽ പടം വന്നതു കൊണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്. പെൺകൊച്ചിന്‍റെ രൂപം മെലിഞ്ഞതാണ്, വെളുത്തതാണ്. എന്നെക്കാൾ മുടിയുണ്ട്. ക്ലിപ്പാണോ എന്ന് ഉറപ്പില്ല, തലമുടിയിൽ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നോട് പറഞ്ഞു, എവിടെയോ ടെസ്റ്റ് എഴുതാൻ പോകുവാണെന്ന്. കൂട്ടുകാരൻ വരാനുണ്ട്. അതിനാണ് അവിടെ നിൽക്കുന്നതെന്ന് പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പയ്യൻ വന്നു, മുറിയെടുത്തു. രണ്ട് പേരും 4 മണി കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. പയ്യനെ ഞാൻ കണ്ടു, വെളുത്ത് മെലിഞ്ഞ പയ്യനാ.102ആം നമ്പർ മുറിയാണെടുത്തത്. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.' സിബിഐ തന്നോട് ഇതുവരെ ഒന്നും ചോദിച്ചില്ലെന്നും ലോഡ്ജ് മുൻജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു''.