ലോക്ക്ഡൗൺ രോഗപ്രതിരോധത്തിന് സഹായിച്ചു; രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം തള്ളി മുഖ്യമന്ത്രി
ലോക്ക് ഡൗണ്‍ തെറ്റായിപ്പോയി, അതുകൊണ്ട് രോഗം വ്യാപിച്ചു എന്നൊന്നും പറയാന്‍ പറ്റില്ല. ലോക്ക് ഡൗണ്‍ രോഗവ്യാപനം തടയുന്നതില്‍ കേരളത്തെ സഹായിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ സഹായിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണ്‍ ഘട്ടത്തിലുണ്ടായിരുന്ന ജാഗ്രതയുടെ ഭാഗമായി രോഗവ്യാപനം തടയാന്‍ കഴിഞ്ഞു. അത് നമ്മുടെ അനുഭവത്തിലുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പരാജയപ്പെട്ടെന്നും, രോഗ വ്യാപനം വര്‍ധിച്ചുമെന്നുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍.
ലോക്ക്ഡൗൺ രോഗപ്രതിരോധത്തിന് സഹായിച്ചു, പക്ഷേ ലോക്ക്‍ഡൗണിന്‍റെ ഭാഗമായുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ജനങ്ങളെ ബാധിച്ചു.രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടായില്ല എന്നതാണ് കേന്ദ്ര ഗവണ്‍മെന്‍റിനെ വിമര്‍ശിക്കാന്‍ പറ്റാവുന്ന കാര്യം. ലോക്ക് ഡൗണ്‍ തെറ്റായിപ്പോയി, അതുകൊണ്ട് രോഗം വ്യാപിച്ചു എന്നൊന്നും പറയാന്‍ പറ്റില്ല. ലോക്ക് ഡൗണ്‍ രോഗവ്യാപനം തടയുന്നതില്‍ കേരളത്തെ സഹായിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More: 'ലോക്ക് ഡൗൺ പരാജയപ്പെട്ടു; എന്താണ് അടുത്ത പദ്ധതി?' കേന്ദ്രത്തോട് ചോദ്യവുമായി രാഹുൽ ഗാന്ധി
ലോക്ക് ഡൗൺ സമ്പൂർണ്ണ പരാജയമാണെന്നും, മെയ് അവസാനത്തോടെ കൊറോണയെ പിടിച്ചു കെട്ടാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നുവെന്നും എന്നാൽ കേസുകൾ അതിവേഗമാണ് വ്യാപിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. 'രണ്ട് മാസങ്ങൾക്ക് മുമ്പ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് 21 ദിവസങ്ങൾക്കുള്ളിൽ കൊറോണ വൈറസിന് മേൽ വിജയം നെടുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. അറുപത് ദിവസം കൂടുതൽ പിന്നിട്ടു കഴിഞ്ഞു. ദിനംപ്രതി വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ലോക്ക് ഡൗണിന് കൊറോണ വൈറസിനെ തോൽപിക്കാൻ സാധിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.