കാസർകോട് ബേക്കലിൽ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം, ഒടുവിൽ സമവായം
കഴിഞ്ഞ ദിവസം അനധികൃത മണൽക്കടത്ത് തടഞ്ഞ നാട്ടുകാരെ മണൽ മാഫിയയുടെ സഹായികളായ പൊലീസുകാർ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
കാസർകോട്: കാസർകോട് ബേക്കലിൽ രണ്ട് നാട്ടുകാരെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി വലിയ പ്രതിഷേധം. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച ആൾക്കൂട്ടം രണ്ടര മണിക്കൂറോളം പൊലീസ് വാഹനം തടഞ്ഞ് റോഡ് ഉപരോധിച്ചു.
കഴിഞ്ഞ ദിവസം അനധികൃത മണൽക്കടത്ത് തടഞ്ഞ നാട്ടുകാരെ മണൽ മാഫിയയുടെ സഹായികളായ പൊലീസുകാർ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിനാണ് നാട്ടുകാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പിന്നീട് ബിജെപി സിപിഎം നേതാക്കളും മത്സര്യത്തൊഴിലാളി നേതാക്കളും പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് കസ്റ്റഡിയിലെടുത്ത 2 പേരെയും വിട്ടയച്ചു. തുടർന്ന് രാഷട്രീയ നേതാക്കളുടേയും ഡിവൈഎസ്പി ഉൾപ്പെടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും നിർദ്ദേശമനുസരിച്ച് ആളുകൾ പിരിഞ്ഞു പോയി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona