വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ 7.92 ശതമാനം പോളിംഗ്; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ രാവിലെ വോട്ട് രേഖപ്പെടുത്തി. സ്പീക്കർ പി ശ്രീരാമകൃഷ്ണനും രാവിലെ തന്നെ സമ്മതിദാന അവകാശം വിനിയോഗിച്ചു.
കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഒന്നരമണിക്കൂർ പിന്നിടുമ്പോൾ 7.92 ശതമാനം പോളിംഗ്. കണ്ണൂർ - 8.1, കോഴിക്കോട് - 7.75, മലപ്പുറം - 7.92, കാസർകോട് - 7.92എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം.
മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിൽ പോളിംഗ് ഇതുവരെ തുടങ്ങിയില്ല. മെഷീൻ തകരാർ ആണ് കാരണം. ചെറുകാവ് പഞ്ചായത്ത് കുഴിയേടം വാർഡിൽ ഹസ് നിയ മദ്രസയിൽ വോട്ടിംഗ് യന്ത്രം തകരാർ ആയതിനെത്തുടർന്ന് പോളിംഗ് തുടങ്ങാന് വൈകി. കരുവാരകുണ്ട് കിഴക്കേത്തല വാർഡിൽ രണ്ടാം ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറിലായി. വോട്ട് ചെയ്യാൻ ജനങ്ങളുടെ നീണ്ട നിര രാവിലെ തന്നെ ദൃശ്യമാണ്.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ രാവിലെ വോട്ട് രേഖപ്പെടുത്തി. സ്പീക്കർ പി ശ്രീരാമകൃഷ്ണനും രാവിലെ തന്നെ സമ്മതിദാന അവകാശം വിനിയോഗിച്ചു. അപവാദ വ്യവസായങ്ങൾ അഭിരമിക്കുന്നവർ ആയിരിക്കില്ല ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും പുറത്തു വരും. ഏത് തരം അന്വേഷണങ്ങൾക്കും തയ്യാറാണെന്ന് പറഞ്ഞു. അപവാദ പ്രചരണം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സ്പീക്കർക്ക് എപ്പോഴും പത്ര സമ്മേളനം നടത്താനാകില്ല. ആ പരിമിതിയെ ദൗർബല്യമായി കണ്ടു കൊണ്ട് വിമർശിക്കുകയാണ് എതിർപക്ഷമെന്നും ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.