KSU Martyrs : കെ.എസ്.യു ഔദ്യോഗിക സൈറ്റില്‍ നിന്നും രക്തസാക്ഷി പട്ടിക കാണാനില്ല
കെ.എസ്.യുവിന്‍റെ സൈറ്റില്‍ ഔവര്‍ ഓര്‍ഗനൈസേഷന്‍ എന്ന വിഭാഗത്തിലാണ് രക്തസാക്ഷികളുടെ പട്ടിക കാണിക്കുന്നത് എന്നാല്‍ ഇത് തുറക്കുമ്പോള്‍ Object not found! എന്നാണ് കാണിക്കുന്നത്.
തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലപാതകത്തിന് (Dheeraj Murder) പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പസിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ (Campus Murder) സജീവ ചര്‍ച്ചയാകുകയായിരുന്നു. ധീരജിന്‍റെ കൊലപാതകത്തിന് പിന്നാലെ പ്രതികരിച്ച കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ നൂറുകണക്കിന് കെ.എസ്.യു പ്രവര്‍ത്തകര്‍ രക്തസാക്ഷിയായിട്ടുണ്ടെന്ന് അവകാശപ്പെട്ടു. എന്നാല്‍ സൈബര്‍ ഇടത് അണികളും നേതാക്കളും ഒരു കെ.എസ്.യു (KSU) പ്രവര്‍ത്തകന് പോലും എസ്എഫ്ഐയാല്‍ (SFI) കേരളത്തിലെ ക്യാമ്പസില്‍ കൊല ചെയ്യപ്പെട്ടില്ല എന്ന് തിരിച്ചടിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി ഇത് മാറി.
അതിനിടെയാണ് കേരള സ്റ്റുഡന്‍റ്സ് യൂണിയന്‍ (കെ.എസ്.യു) വിന്‍റെ സൈറ്റില്‍ നിന്നും രക്തസാക്ഷികളുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തിയ പേജ് അപ്രത്യക്ഷമായിരിക്കുന്നത്. കെ.എസ്.യുവിന്‍റെ സൈറ്റില്‍ ഔവര്‍ ഓര്‍ഗനൈസേഷന്‍ എന്ന വിഭാഗത്തിലാണ് രക്തസാക്ഷികളുടെ പട്ടിക കാണിക്കുന്നത് എന്നാല്‍ ഇത് തുറക്കുമ്പോള്‍ Object not found! എന്നാണ് കാണിക്കുന്നത്. തുറന്ന പേജ് ഔട്ട്ഡേറ്റഡായി എന്നും എഴുതികാണിക്കുന്നുണ്ട്.
അതേ സമയം മുന്‍പ് ഈ പേജ് ലഭിച്ചിരുന്നുവെന്നും ഇതില്‍ ഏഴു രക്തസാക്ഷികളുടെ പേരുകളാണ് ഉണ്ടായിരുന്നത് എന്നുമാണ് വിവരം. സുധാകര്‍ അക്കിത്തായ്, ശാന്താറാം ഷേണായി, തേവര മുരളി, ഫ്രാന്‍സിസ് കരിപ്പായി, കെ.പി. സജിത് ലാല്‍, ആറ്റിങ്ങല്‍ വിജയകുമാര്‍, അറയ്ക്കല്‍ സിജു എന്നിവരാണ് ഇതില്‍ ഉണ്ടായിരുന്നത്.
1995 ജൂണ്‍ 27ന് പയ്യന്നൂരില്‍ വച്ച് കൊല ചെയ്യപ്പെട്ട സജിത് ലാലാണ് കെ.എസ്.യുവിന്‍റെ അവസാനത്തെ രക്തസാക്ഷി. കണ്ണൂര്‍ ജില്ലാ കെ.എസ്.യു വൈസ് പ്രസിഡന്റായിരുന്ന സജിത് ലാല്‍. കരിപ്പായി ഫ്രാന്‍സിസ്, കെ.പി. സജിത് ലാല്‍ വധക്കേസുകളില്‍ പ്രതിസ്ഥാനത്ത് സിപിഎം ആണ്. അതേ സമയം ശാന്താറാം ഷേണായിയും സുധാകര്‍ അക്കിത്തായിയും കൊല്ലപ്പെടുന്നത് 1967ലെ പൊലീസ് വെടിവയ്പ്പിലാണ്. ആറ്റിങ്ങല്‍ വിജയകുമാര്‍ കൊലപാതകത്തില്‍ ആര്‍എസ്എസ് എബിവിപി പ്രവര്‍ത്തകരാണ് കുറ്റക്കാര്‍. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ സ്വകാര്യ ബസ് ഇടിച്ച് അറയ്ക്കല്‍ സിജു മരിക്കുന്നത്.
കേരളത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിച്ച 35 പേര്‍ എസ്എഫ്ഐക്കാരാണ്. ക്യംപസിന് അകത്തും പുറത്തുമായി കൊലചെയ്യപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകരുടെ കണക്കാണ് ഇത്. അതില്‍ 10 പേരെ കൊലപ്പെടുത്തിയതില്‍ പ്രതികളായത് കെഎസ്‌യു, കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്എഫ്ഐ പറയുന്നത്. ആര്‍എസ്എസ്, എബിവിപി, ക്യാംപസ് ഫ്രണ്ട്, ദലിത് പാന്തേഴ്സ് സംഘടനാ പ്രവര്‍ത്തകരാലും എസ്എഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്.