60കാരന്റ കഴുത്തിൽ പത്ത് വർഷമായി വളരുന്ന മുഴ, 2 കിലോ ഭാരം; താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയയിൽ നീക്കം ചെയ്തു
തൊലിക്കടിയിൽ ക്രമേണ തടിച്ചു വരുന്ന മുഴയാണ് ലിപോമ. സാധാരണ ഗതിയിൽ ഇത് അർബുദ ലക്ഷണമോ ഹാനികരമോ ആവാറില്ല.
സുൽത്താൻ ബത്തേരി: 60 വയസുകാരന്റെ കഴുത്തിൽ നിന്ന് രണ്ട് കിലോഗ്രാം ഭാരം വരുന്ന മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലാണ് പത്ത് വർഷം പഴക്കമുള്ള മുഴ സർജറി ചെയ്തു നീക്കിയത്. മുഴക്ക് (Lipoma) രണ്ട് കിലോ ഭാരമുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇടതുകഴുത്തിൽ ക്രമേണ വലുതായിക്കൊണ്ടിരിക്കുന്ന മുഴയുടെ ലക്ഷണങ്ങളുമായാണ് 60കാരനായ രോഗി ആശുപത്രിയിലെത്തിയത്. തൊലിക്കടിയിൽ ക്രമേണ തടിച്ചു വരുന്ന മുഴയാണ് ലിപോമ. സാധാരണ ഗതിയിൽ ഇത് അർബുദ ലക്ഷണമോ ഹാനികരമോ ആവാറില്ല. താലൂക് ആശുപത്രി ജനറൽ സർജറി വിഭാഗം ജൂനിയർ കൺസൾട്ടൻറ് ഡോ നിമി വിജുവിന്റെ നേതൃത്വത്തിൽ അനസ്‍തറ്റിസ്റ്റ് ഡോ ബാബു വർഗീസ്, അനസ്തേഷ്യ ടെക്നീഷ്യൻ ഹർഷ നഴ്സിംഗ് ഓഫീസർമാരായ റഷോബ്, ജിസ്ന, ആശുപത്രി ഗ്രേഡ് 2 അറ്റന്റൻറ് ശോഭന എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.