'പത്തനംതിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയില്ല'; പ്രതികരിച്ച് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി
സ്ഥാനാർത്ഥി നിർണയം പാളി എന്ന ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുമെന്ന് രാജു എബ്രഹാം.
പത്തനംതിട്ട: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയില്ലെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാം. ചില മേഖലകളിൽ പ്രതീക്ഷിച്ച വോട്ടുകൾ കിട്ടാതെ പോയി. അത് അന്വേഷിക്കുമെന്ന് രാജു എബ്രഹാം അറിയിച്ചു. സ്ഥാനാർത്ഥി നിർണയം പാളി എന്ന ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. തൻ്റെ പേര് വെച്ചുള്ള പ്രചാരണത്തിന് പിന്നിൽ യുഡിഎഫാണെന്ന് സംശയിക്കുന്നു. വിശദമായ പരിശോധന സംസ്ഥാന കമ്മിറ്റിക്ക് ശേഷം ഉണ്ടാകുമെന്നും രാജു എബ്രഹാം കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി തകർപ്പൻ ജയം നേടിയപ്പോൾ പരാജയത്തെച്ചൊല്ലി സിപിഎമ്മിൽ കലഹം രൂക്ഷമാകുകയാണ്. നേതാക്കൾ തമ്മിലെ തർക്കങ്ങളിൽ തുടങ്ങി പാർട്ടി വോട്ടിലെ ഗണ്യമായ ചോർച്ചയിൽ വരെ അന്വേഷണമുണ്ടാകും. യുഡിഎഫ് തരംഗത്തിൽ തിരിച്ചടിയുണ്ടായെന്ന് പ്രാഥമികമായി പറഞ്ഞെങ്കിലും പരാജയകാരണം കർശനമായി പരിശോധിക്കണമെന്ന നിലപാടിലാണ് തോമസ് ഐസക്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ തുടക്കിലുണ്ടായ മന്ദിപ്പ്, ജില്ലാ കമ്മിറ്റി ഓഫീസിലെ കയ്യാങ്കളി, ചില മുതിർന്ന നേതാക്കളുടെ നിസംഗത എല്ലാത്തിലും പരിശോധനയുണ്ടാകും. പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ച് തോമസ് ഐസകിന്‍റെ പരാജയത്തില്‍ അന്വേഷണം നടത്തിയേക്കും. അതേസമയം, ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ നിസഹകരണത്തിൽ അനിൽ ആന്‍റണിയും അതൃപ്തിയിലാണ്.