'വിജിലൻസ് മേധാവി സർക്കാരിനെതിരെ പ്രവർത്തിച്ചു, മുഖ്യമന്ത്രിയെ കൊല്ലാൻ ക്വട്ടേഷൻ'

''ഇടനിലക്കാർക്കൊപ്പം നിന്നതിനാണ് എം ആർ അജിത് കുമാറിനെ മാറ്റിയത്. ആ ചുമതലയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് കണ്ടതോടെ മാറ്റി. തെറ്റ് ചെയ്യുന്ന ആരെയും വച്ച് പൊറുപ്പിക്കില്ല എന്നതിന്‍റെ തെളിവാണിത്'', ഇ പി ഏഷ്യാനെറ്റ് ന്യൂസിനോട്.

LDF Convener EP Jayarajan On Swapna Controversy MR Ajith Kumar IPS

കണ്ണൂർ: സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സർക്കാരിനെതിരെ മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാർ പ്രവർത്തിച്ചെന്ന് ഇ പി ജയരാജൻ ആരോപിക്കുന്നു. 

''ഇടനിലക്കാർക്കൊപ്പം നിന്നതിനാണ് എം ആർ അജിത് കുമാറിനെ മാറ്റിയത്. ആ ചുമതലയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് കണ്ടതോടെ മാറ്റി. തെറ്റ് ചെയ്യുന്ന ആരെയും വച്ച് പൊറുപ്പിക്കില്ല എന്നതിന്‍റെ തെളിവാണിത്'', ഇ പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കലാപാഹ്വാനം നടത്തിയെന്നതുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ഇന്നലെ പാലക്കാട് പൊലീസ് കൂടുതൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്‍റെ വാദം.

അതേസമയം, മുഖ്യമന്ത്രിയെ വധിക്കാൻ ആർഎസ്സ്എസ്സും, കോൺഗ്രസും ക്വട്ടേഷനെടുത്തിരിക്കുകയാണെന്നാണ് ഇപി ആരോപിക്കുന്നത്. ''മുഖ്യമന്ത്രിയെ വധിക്കാൻ ആർ എസ് എസ് പദ്ധതിയിട്ട് നടക്കുകയാണ്. അക്രമത്തിനു് കോൺഗ്രസും ക്വട്ടേഷൻ ടീമിനെ ചുമതലപ്പെടുത്തി. അടിക്കാൻ ആരെങ്കിലും വന്നാൽ കയ്യും കെട്ടി നോക്കിയിരിക്കില്ല'', ഇ പി പറയുന്നു.

സ്വർണ്ണക്കടത്ത് വിവാദത്തിലെ സമരം അസാധാരണമായ നേർക്കുനേർ തെരുവ് യുദ്ധമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. വിമാനത്തിലെ പ്രതിഷേധത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ ന്യായീകരിച്ചതിലൂടെ സംഭവം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിന്‍റെ പേരിൽ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ തുടർച്ചയാണിതെന്ന് പിണറായി വിജയൻ പ്രതികരിച്ചു. 

വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങി. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് രാത്രിയോടെ കല്ലേറുണ്ടായി. പട്ടിക ഉപയോഗിച്ച് സിപിഎം പ്രവർത്തകർ ഓഫീസ് വളപ്പിലെ കാർ ആക്രമിക്കാൻ ശ്രമിച്ചെന്ന് കോൺഗ്രസ് പരാതിപ്പെട്ടു. എ കെ ആന്‍റണി ഓഫീസിൽ ഉള്ളപ്പോഴായിരുന്നു ആക്രമണം.

കെപിസിസി ആസ്ഥാനത്തെ അക്രമത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ ഓഫീസിന് സമീപത്തെ സിപിഎം ബാനറുകൾ കീറി. ശാസ്തമംഗലത്ത് വെച്ച് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധപ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ കോൺഗ്രസ്സിന്‍റെ ബാനറുകളും ഫ്ലക്സുകളും തകർത്തു. കണ്ണൂരിൽ കെ സുധാകരന്‍റെ ഭാര്യവീട്ടിലേക്ക് കല്ലേറുണ്ടായി. 

ഇടുക്കിയിൽ ഡിസിസി പ്രസിഡന്‍റിന്‍റെ കാറിന് നേരെ ആക്രമണം നടന്നു. വഴിയിലിറങ്ങാൻ അനുവദിക്കില്ലെന്ന സിപിഎം വെല്ലുവിളി ഏറ്റെടുക്കുന്നതായി പ്രതിപക്ഷനേതാവും തിരിച്ചടിക്കുന്നു. സംഘ‌ർഷത്തിന് കാരണം മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധമെന്ന് സിപിഎം പറയുമ്പോൾ കെപിസിസി ആസ്ഥാനത്തേക്കുള്ള സിപിഎം അക്രമമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കോൺഗ്രസിന്‍റെ മറുപടി.

Read More: നാടൻ ബോംബേറ്, തല്ലിത്തകർക്കൽ, ഗാന്ധി പ്രതിമയുടെ തലവെട്ടി, സംഘർഷത്തിന്‍റെ രാത്രി!

Latest Videos
Follow Us:
Download App:
  • android
  • ios