സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ എൽഡിഎഫ് അനുമതി: വര്‍ധിക്കുക ലിറ്ററിന് ഒരു പൈസ നിരക്കിൽ
ജനരോഷം ഉയരാൻ സാധ്യതയുള്ള വിഷയമായതിനാൽ തീരുമാനം ഇടതുമുന്നണിയിൽ ചര്‍ച്ച ചെയ്തെടുക്കാൻ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ശുപാര്‍ശ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗം അംഗീകരിച്ചു. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും നിരക്ക് വര്‍ധിക്കുക. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ജലവിഭവവകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ജനരോഷം ഉയരാൻ സാധ്യതയുള്ള വിഷയമായതിനാൽ തീരുമാനം ഇടതുമുന്നണിയിൽ ചര്‍ച്ച ചെയ്തെടുക്കാൻ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്നു ചേര്‍ന്ന ഇടതുമുന്നണിയോഗം ജലവിഭവവകുപ്പിൻ്റെ ശുപാര്‍ശ പരിശോധിക്കുകയും നിരക്ക് വര്‍ധനയ്ക്ക് അനുമതി നൽകുകയുമായിരുന്നുവെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ അറിയിച്ചു.