ഓണത്തിന് വിൽക്കാൻ ലക്ഷ്യമിട്ട് വീടിന്റെ ടെറസിൽ വൻതോതിൽ ചാരായ നിർമാണം; കാർ ഉൾപ്പെടെ പിടികൂടി എക്സൈസ്
വ്യാജവാറ്റ് നടത്തിയ ആളിനെ അറസ്റ്റ് ചെയ്തതിന് പുറമെ വാറ്റിനും വിതരണത്തിനും ഉപയോഗിച്ചിരുന്ന വാഹനവും എക്സൈസുകാർ കസ്റ്റഡിയിലെടുത്തു.
മലപ്പുറം: പെരിന്തൽമണ്ണയിൽ ഓണം വിൽപ്പന ലക്ഷ്യമിട്ട് തയ്യാറാക്കി വച്ചിരുന്ന 29 ലിറ്റർ ചാരായവും 270 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു. പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി ഉണ്ണികൃഷ്ണനെ (58) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വീടിന്റെ ടെറസിലാണ് ഇയാൾ വൻ തോതിൽ ചാരായ നിർമ്മാണം നടത്തി വന്നത്. ചാരായ നിർമ്മാണത്തിനും വിതരണത്തിനുമായി ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു.
പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.അനൂപും സംഘവും ചേർന്നാണ് പരിശോധന നടത്തി കേസ് എടുത്തത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കുഞ്ഞാലൻ കുട്ടി, പ്രിവന്റീ ഓഫീസർ സായിറാം, സിവിൽ എക്സൈസ് ഓഫീസർമാരായ നിബുൺ, രാജേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രസീത മോൾ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പുഷ്പരാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അതേസമയം മറ്റൊരു സംഭവത്തിൽ കോട്ടയം ഉള്ളനാട് മാർക്കറ്റിനു സമീപത്ത് നിന്നും 1.25 ലിറ്റർ ചാരായവും, 35 ലിറ്റർ വാഷും പിടികൂടി. ഈ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. തൊടുപുഴ പുറപ്പുഴ സ്വദേശി ബിജു രാജൻ (53) ആണ് പിടിയിലായത്. കള്ള് ചെത്തിന്റെ മറവിൽ തെങ്ങിൻ തോപ്പിൽ നിർമ്മിച്ച ഷെഡിൽ വച്ച് ഇയാൾ രാത്രി കാലങ്ങളിൽ ചാരായം വാറ്റുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്‌ഡ് നടന്നത്.
പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി.ദിനേശിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റ് ഓഫീസർമാരായ രാജേഷ് ജോസഫ്, തൻസീർ, മനു ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർ ഹരികൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സുമിതാ മോൾ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു എന്നിവരും പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം