ആർടിപിസിആർ നിരക്ക് പുനഃപരിശോധിക്കുമോ? ലാബുടമകളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ലാബ് ഉടമകൾ വാദിച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്കിൽ പരിശോധന നടത്തുന്നുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറു ചോദ്യം.
കൊച്ചി: ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച വിവിധ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഏപ്രിൽ മുപ്പതിനാണ് സർക്കാർ നിരക്ക് കുറച്ച് ഉത്തരവിറക്കിയത്. എന്നാൽ ആർടിപിസിആർ നിരക്ക് അടക്കം ഡ്രഗ്സ് കൺട്രോൾ ആക്ടിനു കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാൻ അധികാരമെന്നും ലാബുടമകൾ ഹൈക്കോടതിയെ അറിയിച്ചു.
വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ലാബ് ഉടമകൾ വാദിച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്കിൽ പരിശോധന നടത്തുന്നുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറു ചോദ്യം.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് കുറച്ചതുമായി ബന്ധപ്പെട്ട്ആശുപത്രി ഉടമകൾ നൽകിയ മറ്റൊരു ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona