കെ വി തോമസിനെ പുറത്താക്കില്ല; പദവികളിൽ നിന്നൊഴിവാക്കും; താക്കീത് ചെയ്യാനും ശുപാർശ

കെ വി തോമസിനെ കോൺ​ഗ്രസ് പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നു തന്നെ സസ്പെൻ‍ഡ് ചെയ്യണമെന്നായിരുന്നു കെ പി സി സി നൽകിയ കത്തിൽ പറഞ്ഞിരുന്നത്. സസ്പെൻഷൻ പോലും നൽകാതെയുള്ള മൃദു സമീപനം...

kv thomas will be removed from congress party posts

ദില്ലി: പാർട്ടി അച്ചടക്കം (party discipline) ലംഘിച്ച കെ വി തോമസിനെ (kv thomas) പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ അച്ചടക്ക സമിതി ശുപാർശ. എഐസിസി അം​ഗത്വത്തിൽ (aicc membership) നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ (political affairs committee) നിന്നും നീക്കാനാണ് ശുപാർശ. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷയ്ക്ക്  കൈമാറും. കെ വി തോമസിനെ താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

അച്ചടക്ക സമിതിയുടെ ശുപാർശകളിൽ അന്തിമ തരുമാനം എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധിയുടേത് ആണ്. അച്ചടക്കം ലംഘിച്ച സുനിൽ ജാക്കറിന് രണ്ട് വർഷം സസ്പെൻഷനുംം അച്ചടക്ക സമിതി ശുപാർശ ചെയ്തു. അതേസമയം നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി.

പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺ​ഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയതിനുമെതിരെയാണ് നടപടി വരുന്നത്. കെ വി തോമസിനെ കോൺ​ഗ്രസ് പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് തന്നെ സസ്പെൻ‍ഡ് ചെയ്യണമെന്നായിരുന്നു കെ പി സി സി നൽകിയ കത്തിൽ പറഞ്ഞിരുന്നത്. സസ്പെൻഷൻ പോലും നൽകാതെയുള്ള അച്ചടക്ക സമിതിയുടെ മൃദു സമീപനം സംസ്ഥാന കോൺ​ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ്. അതേസമയം, തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചിയിൽ സ്വാധീനമുള്ള കെ വി തോമസിനെ പിണക്കുന്നത് തിരിച്ചടയാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് താക്കീതിലും പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കി നടപടി നേർപ്പിക്കുകയായിരുന്നു.

പാ‍‌ർട്ടി കോൺ​ഗ്രസിന്റെ ഭാ​ഗമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിനും കെ വി തോമസിനുമാണ് സി പി എമ്മിൽ നിന്ന് ക്ഷണം ഉണ്ടായിരുന്നത്. കെ പി സി സിയുടെ എതിർപ്പും എ ഐ സി സിയുടെ നിർദേശവും പരി​ഗണിച്ച് ശശി തരൂർ സെമിനാറിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കെ വി തോമസ് സെമിനാറിൽ പങ്കെടുത്തുവെന്ന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്ത് പ്രസം​ഗിക്കുകയും ചെയ്തു.

ഇതെല്ലാം സംസ്ഥാന കോൺ​ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു. മാത്രവുമല്ല  സി പി എം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ കെ വി തോമസും പരസ്യ നിലപാട് എടുത്തിരുന്നു. സെമിനാറിൽ പങ്കെടുത്തത് തെറ്റല്ലെന്ന് ഇപ്പോഴും ആവർത്തിക്കുന്ന തോമസിനെ ദേശീയ നേതൃത്വം ഇങ്ങനെ സംരക്ഷിക്കുന്നതെന്തിനാണെന്ന വികാരവും സംസ്ഥാാന നേതൃത്വത്തിനുണ്ട്.

കെ വി തോമസ് കോൺഗ്രസ്സിലുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാൽ പുറത്താണോ എന്ന് ചോദിച്ചാൽ അതുമല്ലെന്ന സ്ഥിതിയാണിപ്പോഴുള്ളത്. അതിവേഗം പുറത്താക്കി വീര പരിവേഷത്തോടെ തോമസ് സിപിഎം പാളയത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾ സ്വീകരിക്കുന്നത്. ആശയക്കുഴപ്പം ഇങ്ങനെ തുടരട്ടെ എന്നാണ് പുറത്താക്കാൻ മുമ്പ് ആവേശം കാണിച്ച നേതാക്കളുടെ വരെ അഭിപ്രായം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പുറത്താക്കിയാൽ ഹീറോ പ്രതിച്ഛായയിൽ തോമസ് സിപിഎം ചേരിയിലേക്ക് നീങ്ങുമെന്നും കോൺ​ഗ്രസിന് ഭയമുണ്ടായിരുന്നു. തോമസിനെ സ്വീകരിക്കാൻ സിപിഎം വാതിലുകളെല്ലാം തുറന്നിട്ടിരിക്കുന്നു, പോകാൻ തോമസും തയ്യാറായിരിക്കുമ്പോഴാണ് ചെറിയ നടപടികൾ മതിയെന്ന നിലപാടലേക്ക് കോൺ​ഗ്രസ് പാർട്ടി എത്തുന്നത്.

അതേസമയം കോൺ​ഗ്രസുകാരനായി താൻ തുടരുമെന്നും പാർട്ടി തന്റെ  വികാരം ആണെന്നും കെ വി തോമസ് പ്രതികരിച്ചു. അച്ചടക്ക സമിതിയുടെതു സാധാരണ നടപടിക്രമം ആണ്. അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേതാണ്. സോണിയ  ഗാന്ധിയെ നേരിട്ട് കണ്ട് കാര്യം വിശദീകരിക്കാൻ അനുമതി  തേടിയിരുന്നു. കണ്ണൂരിൽ കാല് കുത്തിയാൽ വെട്ടും എന്നാണ് ചിലർ പറഞ്ഞു കഴിഞ്ഞു ഇത്രയും  ആയില്ലേ എന്നും കെ വി തോമസ് ചോദിച്ചു.

'പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ തെറ്റില്ല, പുറത്താക്കാൻ സംഘടിത ശ്രമം', സുധാകരനെതിരെ കെവി തോമസ് 

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെ കെപിസിസിയുടെ (KPCC) കണ്ണിലെ കരടായി മാറിയിരിക്കുകയാണ് കെ വി തോമസ്. വിലക്ക് ലംഘിച്ചതിന് പിന്നാലെ രൂക്ഷ വിമർശനമാണ് കെ സുധാകരനും വിഡി സതീശനും അടക്കമുള്ള നേതാക്കൾ കെവി തോമസിനെതിരെ ഉയർത്തുന്നത്. കാരണം കാണിക്കലിലേക്കും വിശദീകരണം തേടലിലേക്കും കാര്യങ്ങളെത്തി നിൽക്കുന്ന സാഹചര്യത്തിലും പരസ്പരം ആരോപണങ്ങൾ ആവർത്തിക്കുകയാണ് നേതൃത്വവും തോമസും. 

ഏറ്റവുമൊടുവിൽ കെ സുധാകരനടക്കമുള്ള കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയാണ് കെ വി തോമസ്. 2014 മുതൽ തന്നെ പുറത്താക്കാൻ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നാണ് കെവി തോമസിന്റെ ആരോപണം. തന്നെ മാറ്റി നിർത്താൻ കോൺഗ്രസിനുള്ളിൽ തന്നെ ഒരു കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ടെന്നും ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് ഇത് നടക്കുന്നതെന്നും കെവി തോമസ് കുറ്റപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളിലൂടെ താൻ നേരിട്ട വിമർശനങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് കെവി തോമസിന്റെ ആരോപണം. 

സുധാകരനെ രൂക്ഷ ഭാഷയിലാണ് കെ വി തോമസ് വിമർശിക്കുന്നത്. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയ സമിതിയിലേക്ക് തന്നെ ക്ഷണിച്ചില്ല. അത് ശരിയായ കാര്യമല്ല. തന്റെ ശവമഞ്ചവുമായി പ്രതിഷേധിച്ചവർക്കെതിരെ പോലും നടപടിയെടുത്തില്ല. സിപിഎം പാർട്ടി കോൺഗ്രസിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും കെ വി തോമസ് വ്യക്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios