'തന്നെ പുറത്താക്കേണ്ടത് എഐസിസി', സുധാകരൻ നുണ പറയുന്നു', ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്
തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അധ്യക്ഷൻ നുണ പറയുകയാണെന്നുമാണ് പുറത്താക്കിയെന്ന കെ സുധാകരന്റെ പ്രസ്താവനയോട് കെവി തോമസിന്റെ പ്രതികരണം.
കൊച്ചി: കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ് (KV Thomas). തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അധ്യക്ഷൻ നുണ പറയുകയാണെന്നുമാണ് പുറത്താക്കിയെന്ന കെ സുധാകരന്റെ പ്രസ്താവനയോട് കെവി തോമസിന്റെ പ്രതികരണം. കോൺഗ്രസ് സംസ്ക്കാരത്തിൽ നിന്നും മാറാൻ തനിക്ക് കഴിയില്ലെന്നും അതിനാൽ താൻ എൽഡിഎഫിലേക്ക് പോകില്ലെന്നും കെവി തോമസ് വ്യക്തമാക്കി. കോൺഗ്രസ് പ്രസക്തി നഷ്ടപ്പെട്ട് അസ്തികൂടമായി മാറി. എൽഡിഎഫിലേക്ക് പോകില്ല. സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.
K V Thomas : കെ വി തോമസ് ഇടത് വേദിയിൽ; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി, ഷാള്‍ അണിയിച്ച് ഇ പി
മാസങ്ങളായി നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന കെവി തോമസിനെ പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് അറിയിച്ചത്. തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൺവെൻഷനിൽ പങ്കെടുത്ത് ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ഇനി കാത്തിരിക്കാൻ കഴിയില്ലെന്നും തോമസിന് തൃക്കാക്കരയിൽ ഒരു ചുക്കും ചെയ്യാനാകില്ലെന്നുമാണ് നടപടി വിശദീകരിച്ച് കെപിസിസി അധ്യക്ഷൻ പറഞ്ഞത്.
പാർട്ടിയെ നിരന്തരം വെല്ലുവിളിച്ചിട്ടും തോമസിനെ ഇതുവരെ അവഗണിച്ചു വിടുകയായിരുന്നു കെപിസിസി. അച്ചടക്കലംഘനത്തിൻറെ എല്ലാ അതിരും ലംഘിച്ച് തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി ഇറങ്ങി മുഖ്യമന്ത്രിയെ പുകഴ്ത്തി കോൺഗ്രസ് നേതാക്കളെ വിമർശിച്ചതോടെയാണ് പുറത്താക്കാൽ നടപടി. കെവി തോമസുമായി അവശേഷിച്ചിരുന്ന സാങ്കേതിക ബന്ധം കൂടിയാണ് കോൺഗ്രസ് ഇതോടെ മുറിച്ചുമാറ്റിയത്.
ഹൈക്കമാൻഡ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ്സ് സെമിനാറിൽ പങ്കെടുത്തത് മുതൽ തോമസും കോൺഗ്രസ്സും തമ്മിലെ ഭിന്നത രൂക്ഷമായിരുന്നു. പാർട്ടി പദവികളിൽ നിന്നൊഴിവാക്കിയ തോമസിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നില്ല. ഇടതിനായി പ്രചാരണത്തിനിറങ്ങുമെന്ന് തോമസ് പ്രഖ്യാപിച്ചിട്ടും പാർട്ടി കാത്തിരുന്നു. ഒടുവിൽ തോമസ് സ്വയം എതിർചേരിയിലേക്ക് പോയതോടെ കെപിസിസിക്ക് കാര്യങ്ങൾ എളുപ്പമായി. പുറത്താക്കി വീരനായി ഇടത് പാളയത്തിലേക്കുള്ള തോമസിൻറെ പോക്ക് ഒഴിവാക്കലായിരുന്നു കോൺഗ്രസ് തന്ത്രം.