വാർത്തയുടെ പേരിൽ ഫോൺ പിടിച്ചെടുക്കാനുള്ള ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം; കെയുഡബ്ല്യുജെ

മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്ന ഈ നീക്കം ജനാധിപത്യമൂല്യങ്ങൾക്കു തന്നെ വിരുദ്ധമാണെന്ന് കെയുഡബ്ല്യുജെ വ്യക്തമാക്കി.

kuwj against police over psc data leak crime branch moves to seize madhyam reporter mobile phone

തിരുവനന്തപുരം: വാർത്തയുടെ പേരിൽ മാധ്യമ സ്ഥാപനത്തിനെതിരെ അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച്​ ലേഖകന്‍റെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമം മാധ്യമ സ്വാതന്ത്ര്യത്തി​നു നേരെയുള്ള കടന്നാക്രമണമാണെന്നു കേരള പത്രപ്രവർത്തക യൂണിയൻ. അങ്ങേയറ്റം അപലപനീയമായ ഈ നീക്കത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെയുഡബ്ല്യുജെ സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി. 

കേരള പബ്ലിക് സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ്‌വേഡും സൈബർ ഹാക്കർമാർ പി.എസ്.സി സർവറിൽനിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ച വിവരം വാർത്തയായതിന്‍റെ പേരിലാണ്​ ക്രൈംബ്രാഞ്ച്​ നടപടി. ശനിയാഴ്ച രണ്ടു മണിക്കൂർ മാധ്യമം ലേഖകൻ അനിരു അശോകനെ ചോദ്യംചെയ്ത ക്രൈംബ്രാഞ്ച്​ രണ്ടു ദിവസത്തിനകം ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട്​ പുതിയ നോട്ടീസ്​ നൽകിയിരിക്കുകയാണ്​. കോടതി തന്നെ വിലക്കിയിട്ടുള്ളതാണ്​ ഇത്തരം നടപടികൾ.

മാധ്യമങ്ങൾക്കു മൂക്കുകയർ ഇടാനുള്ള  വിശാലമായ അജണ്ടയുടെ ഭാഗമായി മാത്രമേ പൊലീസ്​ നടപടിയെ കാണാൻ കഴിയൂ. ഭരണഘടന ഉറപ്പ്​ നൽകുകയും ഹൈക്കോടതി ആവർത്തിച്ചു ശരിവെക്കുകയും ചെയ്ത മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്ന ഈ നീക്കം ജനാധിപത്യമൂല്യങ്ങൾക്കു തന്നെ വിരുദ്ധമാണ്​. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു യൂണിയൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു.  

കോളിളക്കം സൃഷ്ടിക്കുന്ന വാർത്തകൾക്ക്​ ആധാരമായ രേഖകൾ മാധ്യമങ്ങൾ പുറത്തുവിടുന്നത്​ സ്വാഭാവികം മാത്രമാണ്​. എല്ലാ ജനാധിപത്യ ഭരണകൂടങ്ങളും കാലദേശാന്തര ഭേദമില്ലാതെ ഇതിനൊപ്പം നിന്നിട്ടുമുണ്ട്​. ജനപക്ഷത്തു നിന്നു വാർത്ത ചെയ്യുകയെന്നത്​ മാധ്യമ ധർമമാണ്​. പൊലീസ്​ നടപടികളിലുടെ അതിനു തടയിടാൻ ശ്രമിക്കുന്നത്​ ജനാധിപത്യ വ്യവസ്ഥക്ക്​ ഭൂഷണമല്ല. ചുറ്റും നടക്കുന്ന തെറ്റായ പ്രവണതകൾ തിരിച്ചറിഞ്ഞു പ്രതിരോധിക്കാനുള്ള പൗരന്‍റെ അവകാശങ്ങൾക്കു വിലങ്ങിടാനാണ്​ ഇതുവഴി പൊലീസ്​ യഥാർഥത്തിൽ ​ശ്രമിക്കുന്നത്​. മാധ്യമങ്ങളുടെ​ വായ മൂടിക്കെട്ടാനുള്ള ​ശ്രമത്തിനെതിരെ നിയമത്തിന്‍റെയും പ്രക്ഷോഭത്തിന്‍റെയും വഴികൾ ആരായുമെന്ന്​ യൂണിയൻ പ്രസിഡന്‍റ്​ കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാളും അറിയിച്ചു.

 

Latest Videos
Follow Us:
Download App:
  • android
  • ios