'ഞങ്ങളെ ക്ഷണിക്കാൻ മാത്രം ആയിട്ടില്ല', ശോഭാ സുരേന്ദ്രന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി
ബിജെപിക്ക് ക്ഷണിക്കാൻ നല്ലത് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെ ആണ്. ഇടതുപക്ഷം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മലപ്പുറം: മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കറകളഞ്ഞ മതേതര സ്വാഭാവമുള്ള പാർട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബിജെപിക്ക് ക്ഷണിക്കാൻ നല്ലത് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെ ആണ്. ഇടതുപക്ഷം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ബിജെപിയുമായി യോജിക്കാൻ തയ്യാറാണോയെന്ന് ലീഗിനോട് ചോദിക്കണം, നയം മാറ്റിയാൽ സ്വീകരിക്കും: കെ സുരേന്ദ്രൻ
നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗത ചെയ്യുന്നെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയത്. ശോഭയുടെ ക്ഷണം രാഷ്ട്രീയ ശ്രദ്ധ നേടിയതോടെ, ഇതിനെ അനുകൂലിച്ചും തള്ളിയും ബിജെപി നേതാക്കളും രംഗത്തെത്തി.
ശോഭ സുരേന്ദ്രന്‍റെ പ്രസ്താവനയെ ആദ്യം തള്ളിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുസ്ലീം ലീഗുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ വർഗീയ പാർട്ടിയാണ് ലീഗെന്നും ആവർത്തിച്ചു. എന്നാൽ മുസ്ലിം ലീഗ് നയം മാറ്റി വന്നാൽ എൻഡിഎയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്നായിരുന്നു പിന്നീടുള്ള പ്രതികരണം.