മാധ്യമം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല, മെസേജയച്ചത് സ്വപ്നയ്ക്ക്: ഒരു ബിസിനസും ചെയ്തിട്ടില്ലെന്നും കെടി ജലീൽ
ഗൾഫിൽ നിരവധി പേർ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാർത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാൻ ഒരു വാട്സ്ആപ്പ് മെസേജ് അന്നത്തെ കോൺസുൽ ജനറലിന്റെ പിഎക്ക് അയച്ചതാണെന്ന് കെടി ജലീൽ
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തിൽ തനിക്ക് ബന്ധമില്ലന്ന് പറഞ്ഞതിൽ സന്തോഷമെന്ന് കെടി ജലീൽ. ഖുറാന്റെയും കാരക്കയുടെയും മറവിൽ സ്വർണം കടത്തിയെന്ന് പറയുന്നത് അസ്ഥാനത്താണെന്ന് പറഞ്ഞതിൽ സന്തോഷം. താനും സ്വപ്നയുമായി നടത്തിയിട്ടുള്ള വാട്സ് ആപ്പ് ചാറ്റുകൾ ഒരു വലിയ സ്ക്രീനിൽ തന്നെ കാണിച്ചതാണ്. യു എ ഇ ഭരണാധികാരിക്ക് ഒരു കത്തും താൻ അയച്ചിട്ടില്ല. തന്റെ മെയിൽ പരിശോധിച്ചാൽ വ്യക്തമാകും.
കൊവിഡ് കാരണം മരിച്ചവരുടെ ചിത്രം വച്ച് മാധ്യമം ഒരു ഫീച്ചർ തയ്യാറാക്കിയിരുന്നു. പത്രത്തിൽ ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെ മരിച്ചവരുടെ പലരുടെയും ബന്ധുക്കൾ പ്രതിഷേധിച്ചു. ഗൾഫിൽ നിരവധി പേർ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാർത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാൻ ഒരു വാട്സ്ആപ്പ് മെസേജ് അന്നത്തെ കോൺസുൽ ജനറലിന്റെ പിഎക്ക് വാട്സ്ആപ്പിൽ മെസേജ് അയച്ചു. പത്രം നിരോധിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഈ കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്തിയതല്ലാതെ മറ്റൊന്നും അതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല.
കോൺസുൽ ജനറലുമായി ബിസിനസ് ബന്ധമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ജീവിതത്തിൽ യൂത്ത് ലീഗിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് ട്രാവൽ ഏജൻസി നടത്തിയതൊഴിച്ചാൽ മറ്റൊരു ബിസിനസിലും ഇന്നുവരെ താൻ പങ്കാളിയായിട്ടില്ല. ഗൾഫിലെന്നല്ല ലോകത്ത് എവിടെയും ബിസിനസോ ബിസിനസ് പങ്കാളിത്തമോയില്ല. നികുതി അടയ്ക്കാത്ത ഒരു രൂപ പോലും തന്റെ പക്കലില്ല.
ഇഡി എന്റെ എല്ലാ ബാങ്ക് അക്കൗണ്ടും പരിശോധിച്ചതാണ്. ഒരു രൂപയുടെ പോലും അവിഹിത സമ്പാദ്യം അയച്ചിട്ടില്ല. എന്റെ ഭാര്യയുടെയോ മക്കളുടെയോ അക്കൗണ്ടുകളിലേക്കും പണം ആരും അയച്ചിട്ടില്ല. ഒരു ബിസിനസ് ബന്ധവുമില്ല, പിന്നല്ലേ കോൺസുൽ ജനറലുമായി ബന്ധമില്ല. അവരൊക്കെ എല്ലാവരെയും ഒരേ തുലാസിലിട്ട് തൂക്കുകയാണ്. എന്റെ സാമ്പത്തിക സ്രോതസ് എല്ലാവരും അന്വേഷിച്ചതാണ്. 2200 സ്ക്വയർ ഫീറ്റ് വീടാണ് ഉള്ളത്. കാനറ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് പത്ത് ലക്ഷം രൂപയ്ക്ക് അന്നാ വീട് വെച്ചത്. 2004 ലായിരുന്നു താമസം തുടങ്ങിയത്. ഇത്ര വലിയ ബിസിനസുള്ളയാളുകളുടെ ബന്ധുക്കളുടെയോ മക്കളുടെയോ ജീവിതം കണ്ടാൽ എല്ലാവർക്കും മനസിലാവുമല്ലോ.
കോൺസുലേറ്റ് ജനറലിന്റെ പിഎയായിരുന്ന സ്വപ്നക്കാണ് താൻ മാധ്യമം പത്രത്തിലെ വാർത്തയെ കുറിച്ച് അറിയാൻ കത്തയച്ചത്. പാർട്ടിയുടേയോ, സർക്കാരിന്റെയോ അറിവോടെയല്ല കത്തയച്ചത്. പ്രോട്ടോകോൾ ലംഘിച്ചാണ് അയച്ചതെങ്കിൽ എന്താണ് തെറ്റ്? നിരവധി എംപിമാരും എംഎൽഎമാരും കത്തയച്ചിരുന്നു. വിദേശത്ത് നമ്മുടെ ആൾക്കാർ മരിക്കുന്നതിനെ കുറിച്ചാണ് ചോദിച്ചത്. എന്റെ പേര് അബ്ദുൽ ജലീൽ കെടി എന്നാണ്. തൂക്കി കൊല്ലേണ്ട പ്രോട്ടോകോൾ ലംഘനമല്ല ഞാൻ ചെയ്തത്.
കെടി ജലീൽ എന്ന പേരിലാണ് ഞാൻ തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ പേഴ്സണൽ മെയിലിൽ നിന്നാണ് കോൺസുൽ ജനറലിന്റെ ഔദ്യോഗിക മെയിലിലേക്ക് കത്ത് അയച്ചത്. അബ്ദുൾ ജലീൽ എന്ന പേരിലാകില്ല ഞാൻ കത്തഴുതാൻ സാധ്യത. ഒരു യുഡിഎഫ് എംപി എഴുതിയ കത്തും തന്റെ കൈയിലുണ്ട്.
ഒരു സ്വർണ കച്ചവടക്കാരൻ എങ്ങനെ യുഎഇ ഡേയിൽ പങ്കെടുത്തുവെന്നാണ് അന്വേഷിക്കേണ്ടത്. അല്ലാതെ തന്റെ കത്തിനെ കുറിച്ചല്ല. യുഎഇ ഡേക്ക് എല്ലാ കാര്യങ്ങളും ചെയ്തത് സ്വപ്നയാണ്. അപ്പോൾ സ്വർണ കച്ചവടക്കാരൻ അവിടെ എങ്ങനെ വന്നുവെന്ന് വ്യക്തമല്ല. യുഎഇ കോൺസുലേറ്റുകാർക്ക് ബന്ധമുണ്ടോയെന്ന് തനിക്ക് അറിയില്ല.
താൻ ജമാഅത്തെ ഇസ്ലാമിയെയും അവരുടെ രാഷ്ട്രീയത്തെയും നഖശിഖാന്തം എതിർക്കുന്നു. ബ്രദറും സിസ്റ്ററും തന്റെ കത്തിന് മറുപടി നൽകിയില്ല. ഞാൻ സിപിഎം അംഗമല്ല. എനിക്ക് മീഡിയ വണ്ണിൽ നിന്നും നീതി ലഭിച്ചിട്ടില്ല. അതുകൊണ്ട് വ്യക്തിപരമായി മീഡിയ വൺ നിരോധത്തെ കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല. ഗാന്ധി ചെയ്ത പോലെ ഒരു കവിളിൽ അടിച്ചാൽ മറ്റെ കവിൾ കാണിക്കാൻ ഞാനില്ല. രാജ്യ വിരുദ്ധ പ്രവർത്തനത്തിന് നിങ്ങൾ എനിക്കെതിരെ പരാതി നൽകിക്കോളൂവെന്നും കെടി ജലീൽ പറഞ്ഞു.