'കന്യാസ്ത്രീ വേഷത്തിൽ പെൺകുട്ടികൾ പഠിക്കുന്നില്ലേ, ആരും കേസിന് പോയിട്ടില്ല'; ഹിജാബ് വിവാദത്തില്‍ കെടി ജലീല്‍
കന്യാസ്ത്രീകളായ ടീച്ചർമാർക്ക് 'ഹിജാബ്' അനുദിക്കപ്പെട്ടിടത്ത് വിദ്യാർത്ഥിനികൾക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്. എന്ത് ഉണ്ണണമെന്നും എന്ത് ഉടുക്കണമെന്നും നിഷ്കർഷിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മലപ്പുറം: കര്‍ണാടകയിലെ ഹിജാബ് നിരോധന വിവാദത്തില്‍ പ്രതികരണവുമായി കെ.ടി ജലീൽ എം.എൽ.എ. ഹിജാബ് ആരുടെ മേലും നിർബന്ധമാക്കരുതെന്നും നിരോധിക്കരുതെന്നും കെടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീലിന്‍റെ പ്രതികരണം. കന്യാസ്ത്രീ വേഷത്തിൽ എത്രയോ കോളേജുകളിലും സർവകലാശാലകളിലും പെൺകുട്ടികൾ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിർത്തിട്ടില്ല. ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തിൽ ഇടപെട്ടിട്ടുമില്ലെന്ന് ജലീല്‍ പറയുന്നു.
കുട്ടികൾക്ക് പാടില്ലാത്തത് പഠിപ്പിക്കുന്ന അദ്ധ്യാപികമാർക്ക് പാടുണ്ടാകുന്നതിന്‍റെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളായ ടീച്ചർമാർക്ക് 'ഹിജാബ്' അനുദിക്കപ്പെട്ടിടത്ത് വിദ്യാർത്ഥിനികൾക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്. എന്ത് ഉണ്ണണമെന്നും എന്ത് ഉടുക്കണമെന്നും നിഷ്കർഷിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും...
ഹിജാബ് (ശിരോവസ്ത്രം അഥവാ തട്ടം അല്ലെങ്കിൽ സ്കാഫ്) ആരുടെ മേലും നിർബന്ധമാക്കരുത്. നിരോധിക്കുകയുമരുത്. അർധനഗ്നതയും മുക്കാൽ നഗ്നതയുമൊക്കെ അനുവദനീയമായ നാട്ടിൽ, മുഖവും മുൻകയ്യും ഒഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും മറക്കാൻ താൽപര്യമുള്ളവരെ അതിനും അനുവദിക്കണം. അല്ലെങ്കിൽ അതിനെ വിളിക്കുന്ന പേരാണ് അനീതി. ഒന്നിനെ സ്വാതന്ത്ര്യവും മറ്റൊന്നിനെ അസ്വാതന്ത്ര്യവുമായി കാണേണ്ട കാര്യമില്ല. എന്ത് ഉണ്ണണമെന്നും എന്ത് ഉടുക്കണമെന്നും നിഷ്കർഷിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ആരെന്ത് ഭക്ഷണം കഴിച്ചാലും ആരെന്ത് ധരിച്ചാലും അത് മറ്റൊരാളെ ബാധിക്കുന്ന വിഷയമേയല്ല. മുല മറയ്ക്കാനുള്ള പോരാട്ടം നടന്ന നാട്ടിൽ തലമറക്കാനുള്ള പോരാട്ടത്തിന് ഒരുപറ്റം സ്ത്രീകൾക്ക് ഇറങ്ങിത്തിരിക്കേണ്ടി വരുന്നത് ലജ്ജാകരമാണ്.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രധാരണ രീതി സ്വീകരിക്കുന്നത് തെറ്റല്ല. മൗലികാവകാശമാണ്. ബഹുമാനപ്പെട്ട കോടതികൾ ഭരണഘടനാനുസൃതമായാണ് കാര്യങ്ങളെ കാണേണ്ടത്. വ്യക്തിനിഷ്ഠമായിട്ടല്ല. കോഴിക്കോട്ടെ ഒരു സ്വകാര്യ എയ്ഡഡ് സ്കൂളിൽ ഹിജാബ് (തട്ടം, സ്കാഫ്) ധരിച്ച് വരുന്നതിനെ അധികൃതർ വിലക്കിയത് സത്യമാണെങ്കിൽ അതു തികഞ്ഞ അന്യായമാണ്. അതിനെതിരെ പ്രതികരിക്കേണ്ടത് ആ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണ്. അവർക്ക് മാനേജ്മെൻ്റ് നടപടിയിൽ പരാതിയില്ലെങ്കിൽ പുറമക്കാർ ചെന്ന് ബഹളം വെക്കുന്നതിലും അർത്ഥമില്ല. സർക്കാർ ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ അത് സ്വകാര്യമാണെങ്കിൽ പോലും സർക്കാർ സ്കൂളുകളിൽ നിന്ന് ഭിന്നമായി നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല.
കുട്ടികൾക്ക് പാടില്ലാത്തത് പഠിപ്പിക്കുന്ന അദ്ധ്യാപികമാർക്ക് പാടുണ്ടാകുന്നതിന്‍റെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളായ ടീച്ചർമാർക്ക് 'ഹിജാബ്' അനുദിക്കപ്പെട്ടിടത്ത് വിദ്യാർത്ഥിനികൾക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്. കന്യാസ്ത്രീ വേഷത്തിൽ എത്രയോ കോളേജുകളിലും സർവകലാശാലകളിലും പെൺകുട്ടികൾ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിർത്തിട്ടില്ല. ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തിൽ ഇടപെട്ടിട്ടുമില്ല. എന്നിരിക്കെ "ഹിജാബി"ൻ്റെ കാര്യത്തിൽ മാത്രം എന്തിനീ കോലാഹലം?
Read More : 'കമ്പനികൾക്ക് അവരുടെ തൊഴിലാളികൾ ഹിജാബ് ധരിക്കുന്നത് വിലക്കാം'; സുപ്രധാന വിധിയുമായി യൂറോപ്യൻ യൂണിയൻ കോടതി