Asianet News MalayalamAsianet News Malayalam

അന്‍വറിന്‍റെ ആക്ഷേപങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല,വിശദീകരണം നല്‍കാതെ ഒളിച്ചോടിയെന്ന് കെസുധാകരന്‍

മുഖ്യമന്ത്രിക്ക് സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിപറയണം

ksudhakaran against pinarayi on anwar issue
Author
First Published Sep 27, 2024, 2:43 PM IST | Last Updated Sep 27, 2024, 2:45 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ  വകുപ്പിനും ഓഫീസിനും എതിരെ ഭരണകക്ഷി എംഎല്‍എ പി.വി.അന്‍വര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപി പറഞ്ഞു.ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും പൊതുസമൂഹത്തിന് ബോധ്യമായ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് തന്റേടമില്ല. പകരം  സിപിഎമ്മിനെയും എല്‍ഡിഎഫിനെയും കൊണ്ട് തനിക്കെതിരായ ആക്ഷേപങ്ങളെ ന്യായീകരിക്കാനും ആരോപണങ്ങളുടെ ചോദ്യമുനയില്‍ നിന്നും സ്വയം തടിയൂരാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മുഖ്യമന്ത്രിക്ക് സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിപറയണം. മുഖ്യമന്ത്രിക്ക് സിപിഎമ്മിനോട് കൂറില്ല.ആ പ്രസ്ഥാനത്തെ തെരുവിലിട്ട്  സ്വയം രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. സിപിഎമ്മിന്റെ പരമോന്നത നേതാവ് കൂടിയല്ലെ പിണറായി വിജയന്‍. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്തവും കടമയും അദ്ദേഹത്തിനുണ്ട്. സ്വര്‍ണ്ണക്കടത്ത്, സ്വര്‍ണ്ണം പൊട്ടിക്കല്‍, പൂരംകലക്കിയതില്‍ ഉള്‍പ്പെടെ പ്രതിപക്ഷവും പി.വി. അന്‍വറും പറയുന്നത് പൊതുവസ്തുതയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

എല്ലാത്തരം മാഫിയകള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷണം ഒരുക്കുന്നുയെന്നും സംസ്ഥാനത്ത് സിപിഎം-ആര്‍എസ്എസ് അന്തര്‍ധാരയുണ്ടെന്നും  പ്രതിപക്ഷം ഇത്രയും നാള്‍ പറഞ്ഞ കാര്യമാണ്. അത് ഭരണപക്ഷ എംഎല്‍എയായ പി.വി. അന്‍വര്‍ ഒരിക്കല്‍ക്കൂടി സാക്ഷ്യപ്പെടുത്തുകയാണ്. ഇത്രയും നാളുള്ള അനുഭവങ്ങളുടെ വെളിച്ചത്തിലാകും അന്‍വര്‍ ഇക്കാര്യങ്ങള്‍ പരസ്യമായി ഇപ്പോള്‍ തുറന്നുപറയുന്നത്. അത് നേരത്തെ ആകേണ്ടതായിരുന്നു. പി.വി.അന്‍വര്‍ മുന്‍കാലങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ  ആക്ഷേപങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതില്‍ ശക്തമായ നടപടിയെടുത്ത മുഖ്യമന്ത്രി ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നടക്കുന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തെ ശത്രുപക്ഷത്ത് നിര്‍ത്തുകയാണ്. ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാപ്പരത്തവും ഇരട്ടത്താപ്പുമാണ്.

സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണം പൊട്ടിക്കലിലും മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പിനും ഓഫീസിനും എതിരെ അന്‍വര്‍ ഉന്നയിച്ച ആക്ഷേപം സിപിഎമ്മിന് നിഷേധിക്കാനാകുമോ?  മുഖ്യമന്ത്രിക്ക് വേണ്ടി സിപിഎം നേതൃത്വം ഇപ്പോൾ ഉയർന്ന ആക്ഷേപങ്ങളെ തള്ളിക്കളഞ്ഞാലും അവരുടെ അണികള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ആര്‍എസ്എസ് അന്തര്‍ധാരയുമായി മുന്നോട്ട് പോകുമ്പോള്‍ അവര്‍ വഞ്ചിച്ചത് ആ പ്രസ്ഥാനത്തിന് വേണ്ടി രാഷ്ട്രീയ ഇരയാകേണ്ടിവന്ന രക്തസാക്ഷികളുടെ കുടുംബങ്ങളെയാണെന്നും സുധാകരന്‍ പറഞ്ഞു.

 

Latest Videos
Follow Us:
Download App:
  • android
  • ios