'നിങ്ങളെ നീചർ എന്ന് കാലം മുദ്രകുത്തും', എസ്എഫ്ഐക്കെതിരെ ആൻ; ശ്രീക്കുട്ടനെതിരായ റീക്കൗണ്ടിംഗ് ബഹിഷ്കരിച്ചു
'കേരള വർമ്മ കോളേജിൽ ചെയർപേഴ്സൺ ആയി കെ എസ് യു പാനലിൽ മത്സരിച്ച ശ്രീക്കുട്ടൻ എന്ന ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി വിജയിച്ചപ്പോൾ അത് അംഗീകരിക്കാൻ എസ് എഫ് ഐക്ക് കഴിയുന്നില്ല'
തൃശൂർ: തൃശൂരിലെ കേരളവർമ്മ കോളേജിൽ റീകൗണ്ടിംഗ് ബഹിഷ്കരിച്ച് കെ എസ് യു. സുതാര്യമായി നടത്തുന്നില്ലെന്ന് ആരോപിച്ചാണ് കെ എസ് യു റീക്കൗണ്ടിംഗ് ബഹിഷ്കരിച്ചത്. എസ് എഫ് ഐയും അധ്യാപക സംഘടനകളും ചേർന്ന് റിക്കൗണ്ടിംഗിൽ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നുവെന്ന് ചെയർപേഴ്സൺ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ അടക്കമുള്ളവർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി വൈകിയും തുടർന്ന റീകൗണ്ടിംഗ് കെ എസ് യു ബഹിഷ്കരിച്ചത്. ശേഷം കെ എസ് യു പ്രവർത്തകർ ക്യാമ്പസിൽ നിന്നും മടങ്ങുകയും ചെയ്തിരുന്നു.
വിഷയത്തിൽ എസ് എഫ് ഐക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനുമെതിരെ രൂക്ഷ വിമർശനവുമായി കെ എസ് യു നേതാവ് ആൻ സെബാസ്റ്റ്യൻ അടക്കമുളളവ രംഗത്തെത്തിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും രായ്ക്കുരാമാനം ജനാധിപത്യത്തെ അട്ടിമറിച്ച സംഘപരിവാർ രാഷ്ട്രീയശൈലിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വൈസ് പ്രിൻസിപ്പലും പ്രിൻസിപ്പൽ ഇൻ ചാർജായും ഇരുന്ന കേരളവർമയിൽ ഈ രാത്രി കണ്ടെതെന്നാണ് ആൻ സെബാസ്റ്റ്യൻ്റെ വിമർശനം. ഈ ജനാധിപത്യ - മനുഷ്യത്വ വിരുദ്ധതക്ക് കൂട്ടുനിൽക്കുന്നവരെ, നിങ്ങളെ "നീചർ" എന്ന് മുദ്രകുത്താതെ കാലം കടന്നു പോകില്ലെന്നും ആൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ആൻ സെബാസ്റ്റ്യൻ്റെ ഫേസ്ബുക്ക് കുറിപ്പ്
പല സംസ്ഥാനങ്ങളിലും രായ്ക്കുരാമാനം ജനാധിപത്യത്തെ അട്ടിമറിച്ച സംഘപരിവാർ രാഷ്ട്രീയശൈലിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വൈസ് പ്രിൻസിപ്പലും പ്രിൻസിപ്പൽ ഇൻ ചാർജ് ആയും ഇരുന്ന കേരളവർമയിൽ ഈ രാത്രി നമ്മൾ കാണുന്നത് ...
തൃശൂരിലെ കേരള വർമ്മ കോളേജിൽ ചെയർപേഴ്സൺ ആയി കെ എസ് യു പാനലിൽ മത്സരിച്ച ശ്രീക്കുട്ടൻ എന്ന ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി വിജയിച്ചപ്പോൾ അത് അംഗീകരിക്കാൻ കഴിയാതെ എസ് എഫ് ഐ വീണ്ടും വീണ്ടും റീകൗണ്ടിങ് നടത്തിക്കൊണ്ടിരിക്കുകയാണ്... സമയം അർദ്ധരാത്രി കടക്കുന്ന ഈ നേരത്തും ഭിന്നശേഷിക്കാരനായ ഒരു വിദ്യാർത്ഥിയെ തോൽപിക്കാൻ ഇലക്ഷൻ ഓഫീസർ, എസ് എഫ് ഐക്ക് ഒത്താശ ചെയ്തുകൊണ്ടിരിക്കുന്നു... ഇതെത്ര മനുഷ്യത്വരഹിതമാണ് ... എത്ര ജനാധിപത്യ വിരുദ്ധമാണ്... ഈ ജനാധിപത്യ - മനുഷ്യത്വ വിരുദ്ധതക്ക് കൂട്ടുനിൽക്കുന്നവരെ , നിങ്ങളെ "നീചർ" എന്ന് മുദ്രകുത്താതെ കാലം കടന്നു പോകില്ല. .തീർച്ച ....
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം