'കോൺഗ്രസ് രാഷ്ട്രീയം വ്യക്തിപരം മാത്രമാകുന്നു'; കെ.എസ്.യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു
മാളയിൽ ഡി സോൺ കലോത്സവത്തിനിടയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രവർത്തകരെ സംരക്ഷിക്കാനും കെ.എസ്.യു സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. കലോത്സവത്തിനെത്തിയ മത്സരാർത്ഥികൾക്ക് ഭക്ഷണം നൽകാൻ പോലും കെ.എസ്.യുവിൻ്റെ നേതൃത്വത്തിലുള്ള സംഘാടകർക്ക് സാധിച്ചില്ലെന്നും സച്ചിദാനന്ദ് കുറ്റപ്പെടുത്തി.
![KSU Thrissur District general secretary joined BJP KSU Thrissur District general secretary joined BJP](https://static-gi.asianetnews.com/images/01jkd5qxax08n2dkfs0eb2fh94/ksu_363x203xt.jpg)
തൃശൂർ: കെ.എസ്.യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് രാഷ്ട്രീയം വ്യക്തിപരം മാത്രമായി മാറിയ സാഹചര്യത്തിലാണ് താൻ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതെന്ന് സച്ചിദാനന്ദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ആറ് മാസക്കാലമായി സംഘടനാ പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. തൻ്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായപ്പോൾ തന്നെ സംരക്ഷിക്കാൻ പാർട്ടി നേതൃത്വം ഉണ്ടായില്ല.
മാളയിൽ ഡി സോൺ കലോത്സവത്തിനിടയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രവർത്തകരെ സംരക്ഷിക്കാനും കെ.എസ്.യു സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. കലോത്സവത്തിനെത്തിയ മത്സരാർത്ഥികൾക്ക് ഭക്ഷണം നൽകാൻ പോലും കെ.എസ്.യുവിൻ്റെ നേതൃത്വത്തിലുള്ള സംഘാടകർക്ക് സാധിച്ചില്ലെന്നും സച്ചിദാനന്ദ് കുറ്റപ്പെടുത്തി.
തന്നെ രാഷ്ട്രീയപരമായി സംരക്ഷിക്കാൻ തയ്യാറായത് ബി.ജെ.പി നേതൃത്വമാണെന്നും സച്ചിദാനന്ദ് പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മറ്റിയംഗം കെ.പി ഉണ്ണികൃഷ്ണൻ, ജില്ലാ സെൽ കോ- ഓർഡിനേറ്റർ പി.എസ് അനിൽകുമാർ, സംസ്ഥാന സമിതിയംഗം ടി.ബി സജീവൻ, കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് ഇ.ആർ ജിതേഷ്, എടവിലങ്ങ് മണ്ഡലം പ്രസിഡൻ്റ് പ്രിൻസ് തലാശ്ശേരി, എൽ.കെ മനോജ്, മുൻ മണ്ഡലം പ്രസിഡൻ്റുമാരായ കെ.എസ് വിനോദ്, സെൽവൻ മണക്കാട്ടുപടി, കൊടുങ്ങല്ലൂർ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.എസ് സജീവൻ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഒ.എൻ ജയദേവൻ, ശ്രീനാരായണപുരം പഞ്ചായത്ത് മെംബർമാരായ സുബീഷ് ചെത്തിപ്പാടത്ത്, സ്വരൂപ് പുന്നത്തറ
എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.