ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഗണേഷ്; കെഎസ്ആർടിസിക്കും ജനത്തിനും ഒരുപോലെ ഗുണം, ഐഡിയ കിടിലനെന്ന് നാട്ടുകാർ
കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനം ഇതിനായി വിനിയോഗിക്കും. പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കാൻ ആലോചന. ഇതിന്‍റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദ്ദേശം നൽകി. മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനം ഇതിനായി വിനിയോഗിക്കും. പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും. ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെഎസ്ആർടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണിക്കും.
അതേസമയം, ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തശേഷം കൊണ്ട് വന്ന ആദ്യ ആശയം കേരളത്തിലെ എല്ലാ യൂണിറ്റുകളിലും മിന്നൽ വേഗത്തിൽ കെഎസ്ആർടിസി നടപ്പിലാക്കിയിരുന്നു. ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി കൊണ്ട് വലിയ ലാഭമാണ് കെഎസ്ആർടിസി സൃഷ്ടിച്ചിരിക്കുന്നത്.
ഇതിലൂടെ ഒരു ദിവസം 52,456 ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി 13,101 ലിറ്റർ ഡീസൽ ഉപഭോഗം കുറയ്ക്കുന്നതുവഴി 12,51,392 രൂപ ഡീസൽ തുകയിനത്തിൽ ലാഭിക്കുകയും 2,09,825 രൂപ മെയിന്റനൻസ് തുകയിനത്തിൽ ലാഭിക്കുകയും കിലോമീറ്ററിന് നാലു രൂപ സ്പെയർപാർട്സ് കോസ്റ്റിന്റെ ഉൾപ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്. ഇത്തരത്തിൽ കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലാഭിക്കാൻ കഴിയുന്നത് 4,38,36,500 രൂപയാണ്. ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളും മലയോര/ആദിവാസി/തോട്ടംതൊഴിലാളി/തീരദേശ/കോളനി മേഖലകളിലേക്കും ഉള്ള സർവീസുകൾ നിലനിർത്തി മറ്റുള്ള സർവീസുകളിലെ ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി കൊണ്ട് ഈ ആശയം നടപ്പാക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...