ക്രിസ്മസിനും ന്യൂഇയറിനും നാട്ടിലേക്ക് വണ്ടി കിട്ടിയില്ലേ ? 38 അധിക സര്‍വ്വീസ് നടത്താന്‍ കെഎസ്ആര്‍ടിസി
34 ബസ് ബംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും. കെഎസ്ആർടിസി വെബ് സൈറ്റ് വഴിയും ആപ്പ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം
തിരുവനന്തപുരം : ഉത്സവ സീസണിനോടനുബന്ധിച്ചുള്ള യാത്രാദുരിതത്തിന് ആശ്വാസമായി കെഎസ്ആര്‍ടിസി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കെഎസ്ആർ ടിസി അധികമായി 38 അന്തർ സംസ്ഥാന സർവീസ് നടത്തുമെന്ന് അറിയിച്ചു. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കാണ് അധിക സർവീസുകൾ നടത്തുന്നത്. 34 ബസ് ബംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും. കെഎസ്ആർടിസി വെബ് സൈറ്റ് വഴിയും ആപ്പ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർറൂട്ടിലും അധിക സർവീസുകൾ സജ്ജമാക്കും. ഇതിനായി 24 ബസുകള്‍ കൂടി ക്രമീകരിച്ചിട്ടുണ്ട്. കൊട്ടാരക്കര- കോഴിക്കോട്, അടൂർ-കോഴിക്കോട്, കുമളി- കോഴിക്കോട്, എറണാകുളം- കണ്ണൂർ. എറണാകുളം - കോഴിക്കോട് റൂട്ടിലും കൊല്ലം, കൊട്ടാരക്കര, കോട്ടയം, തൃശൂർ, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽ നിന്നും തിരക്ക് അനുസരിച്ച് ഫാസ്‌റ്റ് പാസഞ്ചർ സർവീസുകളും ക്രമീകരിക്കും.
ഉത്സവ സീസണിനോടനുബന്ധിച്ച് സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ ടിക്കറ്റ് വില കുത്തനെ ഉയര്‍ത്തുന്നുവെന്ന രീതിയില്‍ പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. അന്യ സംസ്ഥാനങ്ങളില നിന്നും കേരളത്തിനകത്തും ട്രെയിന്‍ ടിക്കറ്റുകള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് സ്പെഷ്യല്‍ ട്രെയിന്‍ എന്ന ആവശ്യവും മലയാളികള്‍ ഉന്നയിച്ചിരുന്നു. വിമാന യാത്രയുടെ ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ത്തിയ സാഹചര്യമാണുള്ളത്. കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നതോടെ യാത്രാ ദുരിതത്തിന് ചെറിയ രീതിയിലെങ്കിലും ശമനമുണ്ടാകുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം