'അന്നാണ് ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ ജീവനൊടുക്കിയത്, എന്തെങ്കിലും ചെയ്യണ്ടേ?': അഖില നായർ
'നമ്മളൊരു ജനാധിപത്യ രാജ്യത്തല്ലേ ജീവിക്കുന്നത്. ഒന്ന് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ?'
കോട്ടയം: ജോലി ചെയ്ത ശമ്പളം കിട്ടാതെ വന്നതോടെ ഗതികെട്ടാണ് താൻ പ്രതിഷേധിച്ചതെന്ന് കെഎസ്ആർടിസിയിൽ സ്ഥലം മാറ്റം ചെയ്യപ്പെട്ട കണ്ടക്ടർ അഖില നായർ. സർക്കാരിനെയും വകുപ്പിനെയും അപകീർത്തിപ്പെടുത്തിയിട്ടില്ല. ആരുടെയും ജോലി താൻ തടസപ്പെടുത്തിയിട്ടില്ലെന്നും ആരുടെയും യാത്ര തടസപെടുത്തിയിട്ടില്ലെന്നും സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും അഖില ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
"2022 ഡിസംബർ മാസത്തിലെ ശമ്പളം ജനുവരി 11 ആയിട്ടും കിട്ടിയിരുന്നില്ല. ആ സമയത്ത് കൈയ്യിൽ പൈസയില്ലാതെ വന്നതുകൊണ്ടും മാനസിക സംഘർഷവും മൂലം ഏതെങ്കിലും വിധത്തിൽ പ്രതിഷേധിക്കണം എന്ന് കരുതി. വകുപ്പിനെ ശല്യപ്പെടുത്താതെ, ജോലി തടസപ്പെടുത്താതെ, യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെയാണ് ചെയ്തത്. അന്ന് രാവിലെ ജോലിക്ക് പോകുമ്പോഴാണ് ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ ആത്മഹത്യ ചെയ്തെന്ന വാർത്ത കേട്ടത്. ഇതെല്ലാം കൂടെ ആയപ്പോഴാണ്... എന്തെങ്കിലും ചെയ്യണ്ടേ... നമ്മളൊരു ജനാധിപത്യ രാജ്യത്തല്ലേ ജീവിക്കുന്നത്. ഒന്ന് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ? കുട്ടികളൊക്കെയുള്ളതല്ലേ... പൈസയില്ലാതെ പറ്റില്ലല്ലോ. 13 വർഷമായി കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നു. ഇന്നുവരെ മോശപ്പെട്ട ഒന്നും എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല,'- അഖില വ്യക്തമാക്കി.