മാടായി കോളേജ് നിയമന വിവാദത്തിൽ കെപിസിസി ഇടപെടൽ; അതീവ ഗുരുതരം; മൂന്നംഗ സമിതിയെ നിയോഗിക്കും
ചെയർമാൻ ഉൾപ്പെടെയുള്ള സമിതി അംഗങ്ങളെ ഇന്നുതന്നെ തീരുമാനിക്കും. കണ്ണൂരിലെ പ്രശ്നങ്ങൾ അതീവ ഗുരുതരമെന്നാണ് കെപിസിസി വിലയിരുത്തൽ. വിഷയം ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും മുതിർന്ന നേതാക്കൾ വിലയിരുത്തി.
തിരുവനന്തപുരം : മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവനും പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിലുളള പ്രശ്നത്തിന്റെ പരിഹാരത്തിന് കെപിസിസി ഇടപെടുന്നു. തർക്കങ്ങൾ പരിഹരിക്കാൻ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും. ചെയർമാൻ ഉൾപ്പെടെയുള്ള സമിതി അംഗങ്ങളെ ഇന്നുതന്നെ തീരുമാനിക്കും. കണ്ണൂരിലെ പ്രശ്നങ്ങൾ അതീവ ഗുരുതരമെന്നാണ് കെപിസിസി വിലയിരുത്തൽ. വിഷയം ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും മുതിർന്ന നേതാക്കൾ വിലയിരുത്തി.
പ്രദേശത്ത് പാർട്ടി രണ്ട് തട്ടിലായതോടെ കണ്ണൂർ ഡിസിസി കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ട ഡിസിസി അധ്യക്ഷൻ അടക്കം നേതാക്കൾ, പയ്യന്നൂർ മേഖലയിൽ പാർട്ടി സംവിധാനം പ്രതിസന്ധിയിലാണെന്നും എം കെ രാഘവന് ഒപ്പമുള്ള കോളേജ് ഡയറക്ടർമാർക്കെതിരെ നടപടിയെടുത്തത് മതിയായ കാരണമുള്ളത് കൊണ്ടാണെന്നും വിശദീകരിച്ചു. കോളേജ് ഭരണാസമിതി സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും സംഘടന ജനറൽ സെക്രട്ടറിക്ക് അയച്ച കത്തിൽ ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു. എം.കെ രാഘവൻ എഐസിസി, കെപിസിസി നേതൃത്വങ്ങളെയും പരാതി അറിയിച്ചു. ഇങ്ങനെ പാർട്ടിയിൽ തുടരാനാവില്ലെന്ന് രാഘവൻ മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
എം.പി ചെയർമാനായ മാടായി കോളേജിൽ അദ്ദേഹത്തിന്‍റെ ബന്ധുവായ സിപിഎം പ്രവർത്തകന് ജോലി നൽകിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം പുകയുന്നത്. കോളേജിലെ അനധ്യാപക തസ്തികയിൽ കല്യാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും കാരണം. എംപി ബന്ധുവായ സിപിഎം അനുഭാവിക്ക് ജോലി നൽകിയത് കൂടുതൽ പ്രകോപനമായി. ഇതിൽ പ്രതിഷേധിച്ച് രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കൾക്കെതിരെ കെപിസിസി പറഞ്ഞതനുസരിച്ച് ഡിസിസി നടപടിയെടുത്തിരുന്നു. ഇതോടെ പ്രശ്നം കൂടുതൽ കലുഷിതമായി. രാഘവന്‍റെ നാട്ടിലെ കോൺഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം ഒന്നടങ്കം രാജിവച്ചു. പ്രശ്നം ദിനംപ്രതി കടുത്തതോടെയാണ് കെപിസിസി നേതൃത്വത്തിന്റെ ഇടപെടൽ.