മുഖ്യമന്ത്രിക്ക് മദ്യശാലകൾ തുറക്കുന്നതിലുള്ള ആത്മാര്‍ത്ഥത പ്രവാസികളോടില്ല: മുല്ലപ്പള്ളി

വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് പിണറായി സര്‍ക്കാര്‍. അതിന് മറ്റൊരുദാഹരണമാണ് മദ്യോപയോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ശേഷം മദ്യലഭ്യത യഥേഷ്ടം ഉറപ്പുവരുത്തിയത്.

kpcc mullappally ramachandran against cm pinarayi about nri quarantine

തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കാന്‍ കാട്ടുന്ന ആത്മാര്‍ത്ഥത പോലും മുഖ്യമന്ത്രി പ്രവാസികളോട് കാണിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. രണ്ടര ലക്ഷം ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും പറഞ്ഞ മുഖ്യമന്ത്രിയാണ് പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ശമ്പളമില്ലാതെ തൊഴില്‍ നഷ്ടപ്പെട്ട് ഉറ്റവരുടെ അരികിലേക്ക് തിരിച്ചുവരുന്നവരാണ് പ്രവാസികളില്‍ മഹാഭൂരിപക്ഷവും. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്നും അവരുടെ വിയര്‍പ്പിന്റെ കാശിലാണ് നാം കഞ്ഞികുടിച്ചതെന്നും മുഖ്യമന്ത്രി പലപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു. പ്രവാസികളോട് ഒരു കരുണയുമില്ലാത്തതിനാലാണ് മുഖ്യമന്ത്രി ഇപ്പോൾ ഇത്തരമൊരു തീരുമാനം എടുത്തത്. പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കരുതലാവാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. പ്രവാസികളോടുള്ള സ്‌നേഹം വാക്കുകളില്‍ മാത്രം മുഖ്യമന്ത്രി ഒതുക്കി. 

വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് പിണറായി സര്‍ക്കാര്‍. അതിന് മറ്റൊരുദാഹരണമാണ് മദ്യോപയോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ശേഷം മദ്യലഭ്യത യഥേഷ്ടം ഉറപ്പുവരുത്തിയത്. കൊവിഡിന്റെ മറവില്‍ പണം പിരിക്കാനുള്ള ശ്രമങ്ങളാണ് ബാറുകള്‍ വഴി കൗണ്ടര്‍ പാഴ്‌സല്‍ മദ്യവില്‍പ്പനയും ബെവ് ക്യൂ ആപ് സംവിധാനവുമെല്ലാം. പണം സംമ്പാദിക്കുന്ന മാര്‍ഗം മാത്രം തെരയുന്ന പിണറായി സര്‍ക്കാരില്‍ നിന്നും പ്രവാസി സമൂഹം മനുഷ്യത്വം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍നിന്നും ക്വാറന്റൈന്‍ ചെലവ് ഇടാക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന് തിരുത്തി . പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരടക്കം എല്ലാവരും ഇനി മുതല്‍ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.

Read Also: വിമര്‍ശനം കനത്തു, മുഖ്യമന്ത്രി തിരുത്തി; പ്രവാസികളുടെ ക്വാറന്റീന്‍ ചെലവില്‍ നിലപാട് മാറ്റി ...
 

Latest Videos
Follow Us:
Download App:
  • android
  • ios