കളമശേരി സ്ഫോടനം: എംവി ഗോവിന്ദനടക്കം നാല് പേർക്കെതിരെ പൊലീസിൽ പരാതി നൽകി കെപിസിസി
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി സരിനാണ് പരാതി നൽകിയത്
തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ വിവാദ പരമാർശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർക്കെതിരെ കെപിസിസി പരാതി നൽകി. ഡിജിപിക്കാണ് പരാതി നൽകിയത്. എംവി ഗോവിന്ദന് പുറമെ, മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി. എല്ലാവരും സ്ഫോടനവുമായി ബന്ധപ്പെട്ട് മതസ്പർദ്ധയുണ്ടാക്കും വിധം പ്രസ്താവനകൾ നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം തകരാതിരിക്കാൻ ഇവർക്കെതിരെ നടപടി അത്യാവശ്യമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതുപ്രവർത്തകർ സമൂഹത്തിന് നന്മയും നേരായ വഴിയും കാണിക്കേണ്ടവരാണ്. എന്നാൽ മനപ്പൂർവ്വവും ദുരുദ്ദേശപരവുമായി ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പിനും സ്പർദ്ധയ്ക്കും കാരണമാകും വിധമായിരുന്നു ഇവരുടെ പ്രതികരണങ്ങൾ. രാഷ്ട്രീയ ലാഭം മുൻനിർത്തിയുള്ളതായിരുന്നു പ്രതികരണമെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു.
ഐപിസി 153 എ വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഡോ പി സരിനാണ് പരാതി നൽകിയത്.
എംവി ഗോവിന്ദൻ പറഞ്ഞതിൽ വിദ്വേഷമില്ല, മറ്റവരെ സഹായിക്കാൻ കോൺഗ്രസിന്റെ കളി: മുഖ്യമന്ത്രി