ഐസിയു പീഡന കേസിൽ സുപ്രധാന കണ്ടെത്തൽ; അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ഗുരുതരവീഴ്ച

ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. ഗൗരവമുള്ള കേസായിട്ടും പരിചയസമ്പന്നയല്ലാത്ത ഡോക്ടറെ കൊണ്ടാണ് വൈദ്യ പരിശോധന നടത്തിയതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

kozhikode medical college icu rape case  critical failure in the medical examination of survivor human rights protection commission investigation report

കോഴിക്കോട്: ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. ഗൗരവമുള്ള കേസായിട്ടും പരിചയസമ്പന്നയല്ലാത്ത ഡോക്ടറെ കൊണ്ടാണ് വൈദ്യ പരിശോധന നടത്തിയതെന്നും മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളുടെ വാര്‍ഡുകളില്‍ പുരുഷ അറ്റന്‍റര്‍മാരെ നിയോഗിക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.

ശരീരത്തിലെ മുറിവുകള്‍ കൃത്യമായി രേഖപ്പെടുത്താതെയും വേണ്ട രീതിയില്‍ പരിശോധന നടത്താതെയുമാണ് ഐസിയു പീഡനക്കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറായ കെ വി പ്രീത  മെഡിക്കോ ലീഗല്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നായിരുന്നു അതിജീവിതയുടെ പരാതി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം വിഭാഗം ഡിവൈഎസ് പി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.

ലൈംഗിക പീഡനക്കേസുകളില്‍ വൈദ്യപരിശോധന നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍  ഈ കേസില്‍ ഉണ്ടായിട്ടില്ല. മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ തന്നെ ആരോപണവിധേയനായ കേസ് ഗൗരവമായി എടുക്കേണ്ടതായിരുന്നു. മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള ഡോക്ടറെയാണ് വൈദ്യ പരിശോധനക്ക് നിയോഗിക്കേണ്ടിയിരുന്നത്. എന്നാൽ അക്കാര്യത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായി.

അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ഡോക്ടര്‍ പ്രീതയ്ക്ക് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വൈദ്യ പരിശോധനക്കുള്ള രണ്ട് അപേക്ഷകളിലും പീഡനം സംബന്ധിച്ച കാര്യങ്ങള്‍ വിശദമാക്കിയിരുന്നു. ആ അപേക്ഷ വായിച്ചിരുന്നെങ്കില്‍ മെഡിക്കല്‍ കോളേജ് അധിക‍ൃതര്‍ക്ക് കേസിന്‍റെ ഗൗരവം മനസിലാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.2023 മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെച്ച് യുവതി പീഡിപ്പിക്കപ്പെട്ടത്.  ശസ്ത്രക്രിയക്കുശേഷം ഐസിയുവിലേക്ക് മാറ്റിയപ്പോള്‍ അറ്റന്‍ററായ ശശീന്ദ്രന്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ പിന്നീട് അറസ്റ്റിലായി.

'വീണശേഷവും വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോകാൻ നോക്കി'; ഹോട്ടൽ ഉടമയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ

 

Latest Videos
Follow Us:
Download App:
  • android
  • ios