കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശങ്ക നീങ്ങുന്നു, ഗർഭിണിയുമായി സമ്പർക്കത്തിൽ വന്ന 118 പേർക്കും കൊവിഡില്ല

മണിയൂർ സ്വദേശിയായ ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ സർജൻ, പീഡിയാട്രിക് സർജൻ, ന്യൂറോ വിദഗ്ധൻ, കാർഡിയോളജി ഡോക്ടർ എന്നിവരടക്കമുള്ള 120 പേരുടെ സ്രവ പരിശോധനയാണ് നടത്തിയത്

Kozhikode medical college 118 staff test negative after pregnant women confirmed covid

കോഴിക്കോട്: ഗർഭിണിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്വാറന്റീനിലായ 118 പേർക്കും കൊവിഡില്ല. രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ സ്രവം ഇനി പരിശോധിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണ കാലാവധി അവസാനിപ്പിക്കുന്ന കാര്യം ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും

മണിയൂർ സ്വദേശിയായ ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ സർജൻ, പീഡിയാട്രിക് സർജൻ, ന്യൂറോ വിദഗ്ധൻ, കാർഡിയോളജി ഡോക്ടർ എന്നിവരടക്കമുള്ള 120 പേരുടെ സ്രവ പരിശോധനയാണ് നടത്തിയത്. രണ്ടു പേരുടെ ഫലം ഇനിയും വരാനുണ്ട്.

ജൂൺ രണ്ടിന് രോ​ഗം സ്ഥിരീകരിച്ച മണിയൂ‍ർ സ്വദേശിയായ ഗർഭിണി ആരോ​ഗ്യപ്രശ്നങ്ങളെ തുട‍ർന്ന് കോഴിക്കോട‌് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാ‍ർട്ട്മെന്റുകളിൽ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പ‍ർക്കത്തിൽ വന്നവരാണ് നിരീക്ഷണത്തിലായത്.

പ്രസവത്തെ തുട‍ർന്നുള്ള ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുമായി എത്തിയ യുവതിയെ വിവിധ ഡിപ്പാ‍ർട്ട്മെന്റുകളിലെ ഡോക്ട‍ർമാർ പരിശോധിച്ചിരുന്നു. സമ്പ‍ർക്കത്തിൽ വന്ന മെഡ‍ിക്കൽ വിദ്യാർത്ഥികൾ അടക്കമുള്ളവരെ നിരീക്ഷണത്തിൽ വിട്ടു. സ്ത്രീക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായില്ല.

മെയ് 24-നാണ് യുവതിയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിക്കുന്നത്. ജൂൺ രണ്ടിന് നടത്തിയ പരിശോധനയിൽ ആണ് ഇവ‍ർക്ക് കൊവിഡ് രോ​ഗം സ്ഥിരീകരിച്ചത്. 28 വയസുള്ള യുവതിക്ക് പ്രസവത്തിനിടെയുണ്ടായ ചില ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുട‍ർന്ന് സ‍ർജൻ, പീഡിയാട്രിക് സ‍ർജൻ, ന്യൂറോ വിദ​ഗ്ദ്ധൻ, കാ‍ർഡിയോളജി ഡോക്ടർ എന്നിവരെല്ലാം ഇവരെ പരിശോധിച്ചിരുന്നു. ഈ ഘട്ടത്തിലൊന്നും ഇവ‍ർക്ക് കൊവിഡ് രോ​ഗികളുമായി സമ്പ‍ർക്കമുണ്ടായിട്ടില്ല.  

Latest Videos
Follow Us:
Download App:
  • android
  • ios