കോംട്രസ്റ്റ് തർക്കം കോടതിയിൽ നില്‍ക്കെ കെട്ടിട നിർമാണത്തിന് അനുമതി; സമരം കടുപ്പിക്കുമെന്ന് തൊഴിലാളികൾ

വിദേശ മിഷനറിമാര്‍ 19ആം നൂറ്റാണ്ടില്‍ സ്ഥാപിച്ച ബ്രാന്‍ഡഡ് വസ്ത്ര നിര്‍മാണ കമ്പനിയായ കോംട്രസ്റ്റ് 2009ല്‍ അടച്ചുപൂട്ടിയതു മുതല്‍ തുടങ്ങിയതാണ് കമ്പനി ഭൂമി കൈക്കലാക്കാനുളള നീക്കങ്ങളും ഇതിനെതിരായ സമരങ്ങളും

Kozhikode Comtrust land dispute is in court building construction permission given by corporation

കോഴിക്കോട്: കോഴിക്കോട്ടെ കോംട്രസ്റ്റ് ഭൂമി തര്‍ക്കം കോടതിയില്‍ നില്‍ക്കെ തര്‍ക്കഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ കോര്‍പറേഷന്‍ നടപടി വിവാദത്തില്‍. നിലവില്‍ ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിന്‍റെ കൈയിലുളള ഭൂമിയിലാണ് കെട്ടിട നിര്‍മാണത്തിന് കോര്‍പറേഷന്‍ അനുമതി നല്‍കിയത്. വിഷയത്തില്‍ സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെയും കോണ്‍ഗ്രസിന്‍റെയും തീരുമാനം.

വിദേശ മിഷനറിമാര്‍ 19ആം നൂറ്റാണ്ടില്‍ സ്ഥാപിച്ച ബ്രാന്‍ഡഡ് വസ്ത്ര നിര്‍മാണ കമ്പനിയായ കോംട്രസ്റ്റ് 2009ല്‍ അടച്ചുപൂട്ടിയതു മുതല്‍ തുടങ്ങിയതാണ് കമ്പനി ഭൂമി കൈക്കലാക്കാനുളള നീക്കങ്ങളും ഇതിനെതിരായ സമരങ്ങളും. തര്‍ക്കങ്ങള്‍ക്കൊടുവില്‍ നാലേക്കറോളം വരുന്ന ഭൂമി ഏറ്റെടുക്കാനുളള ഓർഡിനന്‍സ് സര്‍ക്കാര്‍ ഇറക്കിയെങ്കിലും അതിനോടകം കമ്പനിയില്‍ നിന്ന് ഭൂമി വാങ്ങിയ വ്യവസായികള്‍ കോടതിയില്‍ പോയി. നഷ്ടപ്പെട്ട തൊഴിലും ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും കോടതി കയറിയതോടെ നിയമക്കുരുക്കായി.

എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ ഏവരും പ്രതീക്ഷയര്‍പ്പിച്ചു നില്‍ക്കവയൊണ് പ്രമുഖ വ്യവസായി കൈവശം വയ്ക്കുന്ന 26 സെന്‍റ് ഭൂമിയില്‍ നിര്‍മിച്ച കെട്ടിടത്തിന് കോര്‍പറേഷന്‍ അനുമതി നല്‍കിയത്. ഈ അനുമതിയുടെ പിന്‍ബലത്തില്‍ വൈദ്യുത കണക്ഷനും കിട്ടി. ഇതിനു പരിസരത്ത് പേ പാര്‍ക്കിംഗിന് നല്‍കിയ അനുമതിയും കോടതിയലക്ഷ്യമെന്നാണ് ആരോപണം. നവകേരള സദസിലടക്കം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്നില്‍ തൊഴുകൈയോടെ പോയ തൊഴിലാളികള്‍ കോര്‍പറേഷന്‍ നടപടിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

എന്നാല്‍ കോംട്രസ്റ്റില്‍ നിന്ന് ഭൂമി രജിസ്റ്റര്‍ ചെയ്തു വാങ്ങിയതിന്‍റെ രേഖകളും വില്ലേജില്‍ നിന്നുളള അനുമതിയും അടിസ്ഥാനമാക്കിയാണ് കെട്ടിട നിര്‍മാണത്തിന് അനുമതിയും കെട്ടിടത്തിന് നമ്പറും നല്‍കിയതെന്ന് കോര്‍പറേഷന്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വിഷയത്തിന്‍റെ രൂക്ഷമായ തര്‍ക്കം നടന്നിരുന്നു. വിവാദത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാനായി മാധ്യമങ്ങളെ കാണുമെന്ന് കെട്ടിടം നിര്‍മിച്ച വ്യവസായ ഗ്രൂപ്പ് അറിയിച്ചു.

മാളിന്‍റെ ഉദ്ഘാടന ദിവസം, ഇരച്ചെത്തിയ ആൾക്കൂട്ടം കടകൾ കൊള്ളയടിച്ചു, കയ്യിൽ കിട്ടിയതെല്ലാം എടുത്തോടി

Latest Videos
Follow Us:
Download App:
  • android
  • ios