അരിക്കൊമ്പനെ പൂട്ടാൻ കോന്നി സുരേന്ദ്രനും: വയനാട്ടിൽ നിന്നും നാല് കുങ്കിയാനകൾ ഇടുക്കിയിലേക്ക്
കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ, വിക്രം എന്നീ നാല് കുംങ്കിയാനകളാണ് ഇടുക്കിയിലേക്ക് എത്തുന്നത്.
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള കുങ്കിയാനകളിൽ ഒരെണ്ണം ഇന്ന് വയനാട്ടിൽ നിന്ന് തിരിക്കും. വിക്രം എന്ന കുങ്കിയാനയെ ആണ് ആദ്യം കൊണ്ടു വരുന്നത്. വൈകിട്ട് നാലു മണിയോടെ കുങ്കിയാനയുമായുള്ള സംഘം വയനാട്ടിൽ നിന്നും ഇടുക്കിയിലേക്ക് തിരിക്കും. രണ്ട് കുങ്കിയാനകളെ ഇന്ന് വയനാട്ടിൽ നിന്നും കൊണ്ടു വരാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വനംവകുപ്പിൻ്റെ ലോറികളിൽ ഒരെണ്ണം ഇന്നലെ അപകടത്തിൽപ്പെട്ടു. ഇതോടെ ഒരാനയുടെ യാത്ര മുടങ്ങുകയായിരുന്നു. വിക്രമിന് പിന്നാലെ കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ മൂന്നാനകളും 26 അംഗ ദൗത്യസംഘവും അടുത്ത ദിവസം ഇടുക്കിയിലെത്തും. ചൊവ്വാഴ്ച നടക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ആനയെ മയക്ക് വെടി വെക്കുന്ന തീയതി തീരുമാനിക്കുക.