'മർദ്ദനം സ്റ്റേഷനിൽ വെച്ച്, മർദ്ദിച്ചത് ആരാണെന്നറിയില്ല'; കിളികൊല്ലൂർ കേസിൽ പൊലീസിനെ സംരക്ഷിച്ച് റിപ്പോർട്ട്
സൈനികൻ വിഷ്ണുവിനും സഹോദരനും വിഘ്നേഷനും മർദ്ദനമേറ്റത് സ്റ്റേഷനിൽ വെച്ച് തന്നെയാണെങ്കിലും മർദ്ദിച്ചതാരാണെന്നതിൽ വ്യക്തയില്ലെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടിലുള്ളത്.
കൊല്ലം : കിളികൊല്ലൂരിൽ സൈനികനും സഹോദരനും മര്‍ദനമേറ്റ സംഭവത്തിൽ പൊലീസുകാരെ സംരക്ഷിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. യുവാക്കൾക്ക് സ്റ്റേഷനിൽ വച്ചാണ് മര്‍ദനമേറ്റതെന്നും എന്നാൽ ആരാണ് മര്‍ദിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നുമാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നത്. പൊലീസുകാരെ സംരക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്നാണ് മര്‍ദനമേറ്റ വിഘ്നേഷിന്റെ ആരോപണം.
ഇക്കഴിഞ്ഞ ഒമ്പതിനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിൻ ജോസഫ് റിപ്പോർട്ട് സമര്‍പ്പിച്ചത്. സ്റ്റേഷനുള്ളിൽ വച്ച് യുവാക്കൾക്ക് മര്‍ദനമേറ്റെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും മര്‍ദിച്ചത് ആരെന്ന് വ്യക്തമല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. മര്‍ദിച്ചത് നേരിട്ട് കണ്ട സാക്ഷികളില്ല. പുറത്തു വച്ചുണ്ടായ സംഘട്ടനത്തിലാണ് യുവാക്കൾക്ക് പരിക്കേറ്റതെന്ന പൊലീസ് വാദത്തിനും തെളിവില്ല. സിപിഒ ദിലീപിനും വനിത എസ്ഐ സ്വാതിക്കും പ്രശ്നങ്ങൾ തടയാൻ കഴിയാതിരുന്നത് മാത്രമാണ് റിപ്പോര്‍ട്ടിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയായി പറയുന്നത്.
ആദ്യഘട്ടം മുതൽ ആരോപണ വിധേയരായ പൊലീസുകാരെ സംരക്ഷിക്കാനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നത്. ഇതു തന്നെയാണ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലും ഉണ്ടായിരിക്കുന്നെതന്ന ആരോപണമാണ് ഉയരുന്നത്. യുവാക്കളെ മര്‍ദ്ദിച്ചെന്ന ആരോപണം നേരിടുന്ന സി.ഐ വിനോദിന്റെയും എസ്.ഐ അനീഷിന്റേയും പേര് റിപ്പോർട്ടിൽ ഒരിടത്തു പോലുമില്ല.
'ചില പൊലീസുകാർ സർക്കാരിനെ നാണം കെടുത്തുന്നു'; കിളികൊല്ലൂർ സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ
എന്നാൽ പൊലീസിനെ സംരക്ഷിക്കുന്ന രീതിയിലുള്ള റിപ്പോർട്ടിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് മർദ്ദനമേറ്റ വിഘ്നേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. പൊലീസിൽ നിന്നും നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും കോടതി നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വിഘ്നേഷ് പറഞ്ഞു.
ആരോപണ വിധേയരായ എസ് ഐയെയും സിഐയെയും സംരക്ഷിക്കാൻ ചില ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചു. കേസ് താഴേ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവെക്കാനും ശ്രമം നടക്കുന്നുണ്ട്. പൊലീസുകാർക്കെതിരെ തുടർ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വിഘ്നേഷ് വ്യക്തമാക്കി. 'ജീവിതം തകർത്തു, ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാക്കി, ഏറ്റവും ക്രൂരമായി മർദ്ദിച്ചവർക്കെതിരെ യാതൊരു നടപടിയുമില്ലെന്ന രീതി. ഇതിനെതിരെ ഏതറ്റം വരെയും പോരാടുമെന്നും വിഘ്നേഷ് പറഞ്ഞു.
എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷം പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്‍റെ പേരിൽ ഇരുവർക്കുമെതിരെ കള്ളക്കേസും ചമച്ചു. ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നുവെന്ന തരത്തിൽ വാർത്ത പുറത്ത് വിടുകയും പിന്നാലെ കേസെടുക്കുകയുമായിരുന്നു.
കിളികൊല്ലൂർ കസ്റ്റഡി മർദ്ദനം: പൊലീസിനെതിരെ പ്രതിരോധ മന്ത്രിക്ക് പരാതി നൽകി സൈനികൻ്റെ കുടുംബം
സംഭവത്തില്‍ കൊല്ലം സെപെഷ്യൽ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തി. പിന്നാലെ എസ്എച്ച്ഒ, എസ്ഐ അടക്കമുള്ളവരെ സസ്പെൻഡ് ചെയ്തു. എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ആരാണ് മർദ്ദിച്ചതെന്നതിൽ വ്യക്തതയില്ലെന്ന രീതിയിൽ കമ്മീഷണറുടെ റിപ്പോർട്ട്.